ഭരണങ്ങാനത്ത് തോട് കൈയേറിയിട്ടും നടപടിയില്ല... സ്വകാര്യ വ്യക്തി പൈപ്പിട്ടു, പഞ്ചായത്ത് സുല്ലിട്ടു...



സുനില്‍ പാലാ

തോട്ടില്‍ കൂറ്റന്‍ പൈപ്പുകള്‍ നിരത്തി അതിനുമേലെ റോഡുണ്ടാക്കി സ്വകാര്യ വ്യക്തി. ഇട്ടുപോയതല്ലെ കിടക്കട്ടെയെന്ന് പഞ്ചായത്ത് അധികൃതര്‍. ഒപ്പം ഈ അനധികൃത നിര്‍മ്മാണത്തിന് പഞ്ചായത്ത് തലത്തിലുള്ള അനധികൃത എഗ്രിമെന്റും.

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആലമറ്റത്തുള്ള കാഞ്ഞിരമറ്റം നായ്ക്കനാല്‍ മങ്കര തോട്ടിലാണ് ഈ അനധികൃത കൈയ്യേറ്റവും അതിന് പഞ്ചായത്ത് അധികൃതരുടെ ഒത്താശയും. തോടിന്റെ കാഞ്ഞിരമറ്റം ഭാഗത്ത് വെള്ളമൊഴുകുന്ന ചാലില്‍ അഞ്ചടി ഉള്ളുള്ള കൂറ്റന്‍ പൈപ്പുകളാണ് സ്വകാര്യ വ്യക്തി സ്ഥാപിച്ചത്. ഈ പൈപ്പുകളിലൂടെയാണ് തോട്ടിലെ വെള്ളം ഇപ്പോള്‍ ഒഴുകുന്നത്. ഈ കൂറ്റന്‍ പൈപ്പുകള്‍ക്ക് മേലെ മണ്ണ് വിരിച്ച് പടുതകൊണ്ട് മൂടി സ്വകാര്യ വ്യക്തി അയാളുടെ പുരയിടത്തിലേക്ക് വഴി തുറക്കുകയും ചെയ്തു.  

വിവരമറിഞ്ഞ് പഞ്ചായത്ത് മെമ്പര്‍ ബിജു ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് പരാതിപ്പെട്ടു. റോഡ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്ത സെക്രട്ടറി എത്രയുംവേഗം പൈപ്പുകള്‍ നീക്കി തോട് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന നോട്ടീസും സ്വകാര്യ വ്യക്തിക്ക് കൊടുത്തു. എന്നാല്‍ അയാള്‍ ഇത് മൈന്‍ഡ് ചെയ്‌തേയില്ല. പഞ്ചായത്ത് മെമ്പര്‍ വീണ്ടും സെക്രട്ടറിയോട് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചു. എന്നിട്ടും പ്രയോജനമുണ്ടായില്ല.



ഒറ്റമഴയില്‍ തോട് റോഡില്‍ കയറും.

കനത്തമഴയില്‍ നിറഞ്ഞൊഴുകുന്ന തോട് തൊട്ടടുത്തുകൂടി പോകുന്ന നായ്ക്കനാല്‍ - കാഞ്ഞിരമറ്റം - വേഴാങ്ങാനം റോഡിലേക്ക് കരകവിയാറുണ്ട്. പൈപ്പിടുംമുമ്പേ തന്നെ പലതവണ തോട് ഇങ്ങനെ റോഡില്‍ കയറിയിരുന്നു. പൈപ്പിട്ട് ഒഴുക്ക് നിയന്ത്രിച്ചതോടെ ചെറുമഴയില്‍തന്നെ തോട് കരകവിഞ്ഞ് വഴിയില്‍ കയറുമെന്നുറപ്പായി.


പൈപ്പ് മാറ്റിയില്ല, വിചിത്രമായ ധാരണയുണ്ടാക്കി സ്വകാര്യവ്യക്തിയും പഞ്ചായത്തും

സെക്രട്ടറി കൊടുത്ത നോട്ടീസിന് പുല്ലുവില കല്പിക്കാതെ സ്വകാര്യ വ്യക്തി റോഡിന്റെ പണികള്‍ തുടര്‍ന്നപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ഇയാളെ വിളിച്ചുവരുത്തി പുതിയൊരു എഗ്രിമെന്റ് ഉണ്ടാക്കി എന്നാണ് ഒടുവിലത്തെ വിവരം. മഴ പെയ്യുമ്പോള്‍ വെള്ളം കരകവിഞ്ഞാല്‍ ഉടന്‍ ഈ പൈപ്പുകള്‍ താന്‍ മാറ്റിക്കൊള്ളാമെന്നാണത്രേ സ്വകാര്യ വ്യക്തി എഗ്രിമെന്റ് വച്ചത്. പഞ്ചായത്ത് സ്ഥലം കൈയ്യേറിയിട്ട് അത് നിലനിര്‍ത്താന്‍ അനധികൃത എഗ്രിമെന്റെന്ന് ചുരുക്കം. ഇതിനെല്ലാം കുടപിടിക്കുകയാണ് ചില മെമ്പര്‍മാരും ഉദ്യോഗസ്ഥരും എന്നാണാരോപണം.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments