തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്.
അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് അഭിഷേക്.
അപകടത്തിൽ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു.
ഇരുവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാലാ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




0 Comments