കോട്ടയത്തെ വോട്ടു വര്‍ധന മുതലെടുക്കാനൊരുങ്ങി ബി.ഡി.ജെ.എസ്. പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണു തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ ശേഷമെടുത്ത തീരുമാനം. സി.പി.എം കോട്ടയയായ ഏറ്റുമാനൂരും വൈക്കത്തും ബി.ഡി.ജെ.എസിനു മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നു യോഗം വിലയിരുത്തി.
2019 ല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.സി. തോമസ് നേടിയതിനേക്കാള്‍ 9,911 വോട്ട് ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളിക്കു കിട്ടിയിരുന്നു. പി.സി. തോമസിന്റെ 1,55,135 വോട്ടായിരുന്നു, കോട്ടയത്ത് ഇതുവരെ എന്‍.ഡി.എ.യുടെ ഉയര്‍ന്ന സ്‌കോര്‍. ഇക്കുറി തുഷാറിന് 1,65,046 വോട്ട് നേടാനായി. ആകെ പോള്‍ ചെയ്തതിന്റെ 19.74 ശതമാനം ആണിത്. മറ്റു രണ്ടു മുന്നണി സ്ഥാനാര്‍ഥികള്‍ക്കും വോട്ട് കുറഞ്ഞപ്പോള്‍ എന്‍.ഡി.എയ്ക്കു കൂടി.
ഈഴവ വോട്ടുകള്‍ സി.പി.എമ്മിലേക്കു പോകാതെ ബി.ഡി.ജെ.എസിലേക്ക് എത്തിക്കാന്‍ മൈക്രോ ഫിനാന്‍സ് അടക്കമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിലൂടെ സാധിച്ചുവെന്നും യോഗം വിലയിരുത്തി. എസ്.എന്‍.ഡി.പി ശക്തി കേന്ദ്രങ്ങളാണിവിടം.
ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോയാല്‍ ഭാവിയില്‍ വന്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ ജില്ലാ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വൈക്കം ഏറ്റുമാനൂര്‍ നിയസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക.
തെരഞ്ഞെടുപ്പിൽ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് ഉയര്‍ത്താനായതു ബി.ഡി.ജെ.എസിന്റെ നേട്ടമാണ്. അതേ സമയം പാലായിലും പിറവത്തും കടുത്തുരുത്തിയിലും വോട്ട് കുറയുകയും ചെയ്തു. വൈക്കത്ത് കഴിഞ്ഞ തവണത്തേക്കാള്‍ 5,644 വോട്ടാണ് അധികം കിട്ടിയത്. ഏറ്റുമാനൂരില്‍ 4,300 വോട്ടും കോട്ടയത്ത് 2,650 വോട്ടും കൂടുതല്‍ പിടിച്ചു. എന്നാല്‍ പാലായില്‍ 4,028 വോട്ട് കുറഞ്ഞു.
ബി.ജെ.പി.യുടെ ഉറച്ച വോട്ടുകള്‍ക്കു പുറമേ എസ്.എന്‍.ഡി.പി. യോഗവുമായി ബന്ധപ്പെട്ട വോട്ടുകള്‍ പരമാവധി സമാഹരിക്കുകയെന്നതായിരുന്നു തുഷാറിലൂടെ മുന്നണി ലക്ഷ്യമിട്ടിരുന്നത്. ഇത് ഒരുപരിധിവരെ വിജയിച്ചുവെന്നു വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലെ പ്രകടനം തെളിയിച്ചതായും യോഗം വിലയിരുത്തി.
ഇതോടൊപ്പം എസ്.എന്‍.ഡി.പിയുടെ ശക്തികേന്ദ്രമായ കുമരകത്തു വോട്ടു കുറഞ്ഞതും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും പാലായിലടക്കം ബി.ജെ.പി വോട്ടുകള്‍ നഷ്ടപ്പെട്ടതും ചര്‍ച്ചയായെന്നാണു സൂചന. ഒപ്പം പ്രതീക്ഷയ്‌ക്കൊത്ത് വോട്ട് ഉയരാത്തതും ചര്‍ച്ചയ്ക്കു വന്നു. നിലവില്‍ കടുത്ത നടപടികളിലേക്കു പാര്‍ട്ടി കടന്നിട്ടില്ല.
സംഘടനാ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സംസ്ഥാന നേതൃത്വ തീരുമാനപ്രകാരം നിയോജകമണ്ഡലം കമ്മിറ്റികള്‍ വിഭജിച്ചു സംഘടനാ മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനമായി. ഇതുപ്രകാരം വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, ഭരണങ്ങാനം, പൂഞ്ഞാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വാഴൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, കുമരകം, മാടപ്പള്ളി, ചങ്ങനാശേരി, പനച്ചിക്കാട്, കോട്ടയം എന്നീ മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കും.
മണ്ഡലം കമ്മിറ്റി രൂപീകരണയോഗങ്ങള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 2 വരെ നടത്താനും ജൂലൈ 31 നകം പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 14 നു പഞ്ചായത്ത് കമ്മിറ്റി വരെയുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന പ്രസിഡന്റിനെ പങ്കെടുപ്പിച്ചു ജില്ലാ നേതൃയോഗവും സംഘടിപ്പിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments