റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു
തിരുവല്ല മുത്തൂരില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെ ആണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്റെ കഴുത്തില്‍ കുടുങ്ങിയത്.ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സെയ്ദ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീണ് പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്.
യാത്രക്കാരിൽ പലരും കയർ ഉയർത്തി മുന്നോട്ടു പോയി. വാഹനങ്ങളെ തടയാൻ ആരും ഉണ്ടായിരുന്നില്ല. റോഡിനു കുറുകെ കെട്ടിയ കയർ കാണാതെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. കയറിൽ പച്ചിലയാണ് ആദ്യം തൂക്കിയിട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ജോലി ഏറ്റെടുത്തവരുടെ അനാസ്ഥയാണ് അപകടം ഉണ്ടാക്കിയതെന്നും ആളെ നിർത്തി വാഹനം തടഞ്ഞിരുന്നെങ്കിൽ അപകടം ഉ ണ്ടാകില്ലായിരുവെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ ആറുപേരെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണ പറഞ്ഞു,യാതൊരു സുരക്ഷാ മുൻകരുതലുകളോ മുന്നറിയിപ്പ് ബോർഡോ ഇവർ വച്ചിരുന്നില്ലെന്നും സിഐ പറഞ്ഞു.



0 Comments