പ്രമുഖ ആസ്‌ട്രോഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പത്മഭൂഷണ്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍(87) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ പുനെയിലായിരുന്നു അന്ത്യം. ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇന്ത്യയിലെ ശാസ്ത്രരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍. പ്രപഞ്ചശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍, രാജ്യത്ത് മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രത്തെ ജനപ്രിയമാക്കാനുള്ള ശ്രമങ്ങള്‍ എന്നിവ അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു.
1938 ജൂലൈ 19 നായിരുന്നു ജനനം. ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു) ക്യംപസിലെ വിദ്യാഭ്യാത്തിനു ശേഷം ഉന്നത പഠനം കേംബ്രിഡ്ജിലായിരുന്നു. ഗണിതശാസ്ത്ര ട്രിപ്പോസില്‍ റാങ്ലറും ടൈസണ്‍ മെഡലും നേടി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (1972-1989) ചേരാന്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. അവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ് ഗ്രൂപ്പ് അന്താരാഷ്ട്ര പ്രശസ്തി നേടി.
1988-ല്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഡോ. നാര്‍ലിക്കറെ ഇന്റര്‍- യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ) സ്ഥാപിക്കാന്‍ ക്ഷണിച്ചു. 2003-ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം ഐയുസിഎഎയുടെ ഡയറക്ടറായിരുന്നു. ഇക്കാലയളവില്‍ ആസ്‌ട്രോണമിയിലും ആസ്‌ട്രോ ഫിസിക്‌സിലും അധ്യാപനത്തിലും ഗവേഷണത്തിലും മികവിനുള്ള കേന്ദ്രമെന്ന നിലയില്‍ ഐയുസിഎഎ ലോക പ്രശസ്തി നേടിയിരുന്നു. 2012-ല്‍, തേര്‍ഡ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് സ്ഥാപിച്ചു.
ശാസ്ത്ര ഗവേഷണത്തിനു പുറമേ, ഡോ. നാര്‍ലിക്കര്‍ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, റേഡിയോ/ടിവി പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ശാസ്ത്ര പ്രചാരണ രംഗത്തും ശ്രദ്ധനേടി. 1965-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1996-ല്‍ യുനെസ്‌കോ ജനപ്രിയ ശാസ്ത്ര കൃതികള്‍ക്ക് കലിംഗ അവാര്‍ഡ് ലഭിച്ചു. 2004-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു, 2011-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തെ സംസ്ഥാനത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മഹാരാഷ്ട്ര ഭൂഷണ്‍ നല്‍കി ആദരിച്ചു. 2014-ല്‍, കേന്ദ്ര സാഹിത്യ അക്കാദമി, പ്രാദേശിക ഭാഷാ (മറാത്തി) രചനയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തിനായി അദ്ദേഹത്തിന്റെ ആത്മകഥയെ തെരഞ്ഞെടുത്തിരുന്നു.
0 Comments