കേരളത്തിൽ നിന്നുള്ള ദൈവദാസൻ മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്നു ധന്യാത്മാക്കളുടെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാൻ അംഗീകരിച്ചു. ഇതോടെ ഇവർ വൈകാതെ ധന്യരായി പ്രഖ്യാപിക്കപ്പെടും. ബിഷപ്പ് മാർ മാത്യു മാക്കീൽ, സ്പെയിനിൽ നിന്നുള്ള ദൈവദാസൻ ബിഷപ്പ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, കൊളംബിയയിൽനിന്നുള്ള ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണവുമായി ബന്ധപ്പെട്ടു നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയ്ക്കു ലെയോ പതിനാലാമൻ പാപ്പയുടെ അനുവാദം ലഭിച്ചതായി വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഡിക്രിയില്‍ പറയുന്നു. ഇന്നലെ മെയ് 22 വ്യാഴാഴ്ച ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാറോയാണ് ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്.
1889 മുതൽ കോട്ടയം വികാരിയാത്തിൽ തെക്കുംഭാഗക്കാർക്കായുള്ള വികാരി ജനറാളും തുടർന്ന് 1896 മുതൽ ചങ്ങനാശേരിയുടെയും 1911ൽ ക്നാനായ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്തോലിക വികാരിയായിരുന്നു ദൈവദാസൻ ബിഷപ്പ് മാർ മാത്യു മാക്കീൽ. 1851 മാർച്ച് 27ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരിൽ ജനിച്ച അദ്ദേഹം മതാധ്യാപക, വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. സന്യാസജീവിതത്തിലേക്കുള്ള വിളി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം.
1914 ജനുവരി 26ന് കോട്ടയത്താണ് ദിവംഗതനായത്. ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്. കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ കൂടിയാണ് മാർ മാത്യു മാക്കീൽ. 2009 ജനുവരി 26ന് ആണു ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളിൽ ഒന്നാണ് ഈ പ്രഖ്യാപനം. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടർന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയർത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.
0 Comments