ആലപ്പുഴ അമ്മ തൊട്ടിലിൽ ഒരു നവാഗത കൂടി " കാശ്മീര"

 

മെയ്‌ 5 പല സാഹചര്യങ്ങളാൽ സംരക്ഷിക്കാൻ കഴിയാതെ രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുരുന്നുകളെ   കൈയ്യ് നീട്ടി സ്വീകരിച്ച് മാതൃത്വത്തിൻറെ സ്നേഹവാത്സല്യങ്ങൾ നൽകി പരിചരിക്കാൻ  സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻറെ സഹായത്തോടെ വിവിധ ജില്ലകളിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിന്റെ കരുതലിനായി ഒരു  നവാഗത കൂടി എത്തി.  

ശനി പുലർച്ചെ 1 മണിക്കാണ് 2.600 കി.ഗ്രാം ഭാരവും 6 ദിവസം പ്രായവും തോന്നിക്കുന്ന പെൺ കുരുന്ന് സമിതിയുടെ പരിചരണാർത്ഥം എത്തിയത്. ആലപ്പുഴ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ്. 2025 ജനുവരിയിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. 


 വിദ്വേഷവും തീവ്രവാദവും അശാന്തമാക്കിയ കശ്മീരിലെ പഹൽ ഗാമിൽ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യരെ സ്മരിച്ചും ഇന്ത്യയുടെ മാനവിക ഐക്യത്തെ ഊട്ടി ഉറപ്പിച്ചും  കുഞ്ഞിന്   കാശ്മീര “എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം 6 കുട്ടികളെയും ആലപ്പുഴയിൽ 2 കുട്ടികളും ഉൾപ്പെടെ 8 കുഞ്ഞുങ്ങളാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ പരിചരണയിൽ അമ്മ തൊട്ടിലുകൾ മുഖേന എത്തിയത്.  അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.


 സർക്കാരിൻറെയും വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിർഭാഗ്യവും അപമാനവുമെന്ന നിലയിൽ നിന്ന്   കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻറെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മാസത്തിനിടയിൽ സമിതി ഇപ്രകാരം 143 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്. അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച  കുഞ്ഞു ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നീരിക്ഷണത്തിലാണ്. ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments