ഗ്യാലറി നിർമ്മാണം പൂർത്തിയാക്കി സ്റ്റേഡിയം പൂർണ്ണസജ്ജമായാൽ വികസന കുതിപ്പിന് വഴിയൊരുക്കം: യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി
പാലാ എംഎൽഎ മാണി സി കാപ്പന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് 2025- 26 സാമ്പത്തിക വർഷത്തിലെ കേരള ബഡ്ജറ്റിൽ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് എംഎൽഎയുടെ മികവായി വിലയിരുത്തപ്പെടും എന്ന ഭയാശങ്കകൾ മൂലം ചില തൽപ്പരകക്ഷികൾ ബഡ്ജറ്റ് പദ്ധതി മറച്ചുവെച്ച് നവ കേരള സദസ്സ് നടന്ന സമയത്ത് സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഏഴു കോടി അനുവദിക്കണമെന്ന് നിവേദനം സമർപ്പിക്കുകയും തുടർന്ന് അത് അനുവദിക്കുകയും ചെയ്തു.
ബഡ്ജറ്റ് പ്രഖ്യാപനവും നവ കേരള സദസ്സിലെ പ്രഖ്യാപനവും ഒന്നായതിനാൽ ഡ്യൂപ്ലിക്കേഷന് ഒഴിവാക്കുവാൻ നവകേരള സദസ്സ് വഴി അനുവദിച്ച ഫണ്ട് മറ്റൊരു പ്രോജക്ടിലേക്ക് വക മാറ്റേണ്ടതാണെന്നതിനാൽ സിന്തറ്റിക് ട്രാക്ക് നവീകരണം നടക്കുന്ന സ്റ്റേഡിയം പൂർണ്ണസജ്ജമാക്കുന്നതിന് നവ കേരള സദസിൽ അനുവദിച്ച തുകയിൽ 6.75 കോടി രൂപ സ്റ്റേഡിയത്തിൽ ഗ്യാലറി നിർമ്മാണത്തിനായി ഉപയോഗിക്കണമെന്ന് നിർദ്ദേശമാണ് എംഎൽഎ കളക്ടർക്ക് നൽകിയത്. ഗ്യാലറിയുടെ അഭാവം മൂലം വൻകിട സ്പോർട്സ് ഇവന്റുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുവാൻ കഴിയില്ല എന്ന പോരായ്മ നികത്തുവാനാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. നവ കേരള സദസിൽ നീക്കിയിരിപ്പായ ബാക്കി 25 ലക്ഷം രൂപ രാമപുരം പഞ്ചായത്തിലെ ഒരു റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനും ഉപയോഗിക്കുവാൻ എംഎൽഎ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2019ൽ മാണി സി കാപ്പൻ ആദ്യമായി എംഎൽഎ ആയപ്പോൾ സ്റ്റേഡിയം നവീകരണത്തിനായി കെഎം മാണിയുടെ കാലത്ത് വകയിരുത്തിയ മൂന്നു കോടി രൂപ നിയോജകമണ്ഡലത്തിന്റെ മലയോര മേഖലകളിലെ കുടിവെള്ള പദ്ധതികൾക്കും തകർന്നു കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനുമായി വക മാറ്റിയിരുന്നു. അന്ന് അതിനെതിരെ വലിയ വിമർശനവും രാഷ്ട്രീയ പ്രചാരണവും നടത്തിയവരാണ് ഇന്ന് മുനിസിപ്പൽ സ്റ്റേഡിയം 100% പ്രവർത്തനസജ്ജമാക്കുവാൻ എംഎൽഎ കൈ കൊണ്ടിട്ടുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും ഫണ്ട് വക മാറ്റണമെന്നും ആവശ്യപ്പെടുന്നത്.
ബഡ്ജറ്റ് പദ്ധതിയെ അട്ടിമറിച്ച് സ്റ്റേഡിയം പുനരുദ്ധാരണം തങ്ങളുടെ മേന്മയാണ് എന്ന് വരുത്തിതീർക്കുവാനും, സ്റ്റേഡിയം പരിപൂർണ്ണമായി സജ്ജമാകാതിരിക്കാനും ഉള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ് കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗങ്ങൾ പാസാക്കിയ പ്രമേയം. ഈ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കൊടുക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന പ്രവർത്തനങ്ങളുമായി യുഡിഎഫും യുഡിഎഫ് പ്രതിനിധിയായ എംഎൽഎയും മുന്നോട്ട് പോകുമെന്നും നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ ഇരിക്കുന്ന സമയത്തെങ്കിലും ജനവിധി അംഗീകരിക്കുവാനുള്ള മാന്യത മാണി ഗ്രൂപ്പിന് ഉണ്ടാകണമെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട്, സെക്രട്ടറി കെ ഗോപി എന്നിവർ ആവശ്യപ്പെട്ടു.
0 Comments