തലയോട്ടി മാല, കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞള്‍ വെള്ളം, ചുണ്ണാമ്പ്…പുലിമുരുകന്‍ സിനിമയിലെ പാട്ട് ,....ദുരാത്മാക്കളെ പിടികൂടാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ സിനിമാക്കഥ പോലെയെന്ന് പൊലീസ്


 കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞള്‍ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാന്‍ എന്ന പേരില്‍ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങള്‍ സിനിമാക്കഥ പോലെയെന്ന് പൊലീസ്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ ‘സു ഫ്രം സോ’യുമായി സംഭവത്തിനു സമാനതകളേറെയാണെന്നും മണര്‍കാട് പൊലീസ് പറയുന്നു. തലയോട്ടി മാലയിട്ടും വെള്ളഷര്‍ട്ട് ധരിച്ചും വീട്ടിലെത്തുന്ന ശിവദാസിന്റെ ആഭിചാരക്രിയയെപ്പറ്റി പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കോട്ടയത്ത് യുവതിയെ 10 മണിക്കൂര്‍ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ മന്ത്രവാദി അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടില്‍ ശിവദാസ് (ശിവന്‍ തിരുമേനി- 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസില്‍ പ്രതിയാണെങ്കിലും ഒളിവിലാണ്.ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ ‘കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകന്‍ സിനിമയിലെ പാട്ട് ഉച്ചത്തില്‍ വച്ചു. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. 

ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയയെന്നും പൊലീസ് പറയുന്നു. ‘പ്രതികാരം ചെയ്യാന്‍ മറ്റൊരാളുടെ ശരീരം തെരഞ്ഞെടുക്കുന്ന ദുരാത്മാക്കള്‍’ അത്തരമൊരു കഥയാണ് മന്ത്രവാദി ശിവദാസ് യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ അവതരിപ്പിച്ചത്.  ഭര്‍ത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പിന്‍വഴിയിലൂടെ വീട്ടിലെത്തുന്ന ഇയാള്‍ തലയോട്ടികളുടെ രൂപങ്ങള്‍ കോര്‍ത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടയില്‍ ആരെങ്കിലും വന്നാല്‍ മാല ഊരിമാറ്റി സാധാരണ പോലെയാകുമെന്നും പൊലീസ് പറയുന്നു.

ദുരാത്മാക്കളെ ആണിയില്‍ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തില്‍ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയില്‍ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ഈ ആണികള്‍ മരക്കുറ്റിയില്‍ അടിച്ചു കയറ്റി. തുടര്‍ന്ന് എല്ലാവരെയും ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും മന്ത്രവാദി പ്രഖ്യാപിച്ചെന്നും പൊലീസ് പറയുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments