ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങിയ മദര്‍ ഏലീശ്വായുടെ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണം: കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്


ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങിയ മദര്‍ ഏലീശ്വാ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നു മലേഷ്യയിലെ പെനാങ് അതിരൂപത മെത്രാപ്പോലീത്ത കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്. കേരളകത്തോലിക്ക സഭയിൽ, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹത്തിന്റെ സ്ഥാപക മദർ ഏലീശ്വായെ വല്ലാര്‍പാടം ബസിലിക്കയില്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

സന്ദേശത്തിൽ മദർ ഏലീശ്വായുടെ വീരോചിതമായ ജീവിതപുണ്യങ്ങളെ കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഓരോ സന്യാസിയുടെയും ജീവിതയാത്രയെ പ്രതിഫലിപ്പിക്കുന്നതാണ് മദർ ഏലീശ്വായുടെ സാക്ഷ്യമെന്നും, നിരന്തരമായ പ്രാർത്ഥനയിലൂടെയും സ്ഥിരോത്സാഹത്തോടെയുള്ള അനുസരണത്തിലൂടെയും ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങുന്ന അവളുടെ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നും കർദ്ദിനാൾ തന്റെ വചന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.


കുട്ടിക്കാലം മുതൽ, പ്രാർത്ഥനയിലും ത്യാഗങ്ങളിലും അതീവ താൽപര്യം കാണിച്ച മദർ ഏലീശ്വാ, കുട്ടികൾക്കും, യുവജനങ്ങള്‍ക്കും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, പാവങ്ങളോടുള്ള സഹാനുഭൂതിയും മദർ ഏലീശ്വായുടെ ജീവിതത്തെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിക്കൊടുത്തതും കർദിനാൾ അടിവരയിട്ടു പറഞ്ഞു. മാതാപിതാക്കളായ തോമന്റെയും തണ്ടയുടെയും എട്ട് മക്കളിൽ മൂത്തയാളായതിനാൽ ഒരു മകൾ, ഒരു സഹോദരി, ഒരു സ്ത്രീ എന്നെ നിലകളിൽ, ജീവിതത്തിന്റെ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത മദർ ഏലീശ്വാ, തുടർന്ന്, വിധവ എന്ന നിലയിലും അനുഭവിച്ച ജീവിതത്തിന്റെ അനുഭവങ്ങൾ ഏവർക്കും മാതൃകയാണ്.

വേദനയിൽ, പരിശുദ്ധാത്മാവിന് കീഴടങ്ങി നിരന്തരം കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെട്ട ഏലീശ്വായ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് ക്രിസ്തുവിന്റെ മണവാട്ടിയും ആത്മീയ അമ്മയും ആകുവാനുള്ള വിളി. ഇതാണ്, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ രൂപീകരണത്തിന് കാരണമായത്. ലത്തീൻ - സീറോ മലബാർ റീത്തുകളിൽപെട്ട സ്ത്രീകൾക്ക് സമർപ്പണ ജീവിതത്തിലേക്കുള്ള വഴിയും മദർ ഏലീശ്വാ തുറന്നുനൽകിയെന്നും അദ്ദേഹം സന്ദേശത്തിൽ എടുത്തു പറഞ്ഞു.


ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളോടുള്ള മദർ ഏലീശ്വായുടെ അനുകമ്പയുടെയും. കരുതലിന്റെയും തെളിവാണ്, കേരളത്തിൽ അവൾ സ്ഥാപിച്ച പെൺകുട്ടികൾക്കായുള്ള വിദ്യാലയം, അനാഥാലയം, ബോർഡിങ് എന്നിവ ഇതിന് ഉദാഹരണമാണെന്നും ഈ ഭൗമിക യാത്രയുടെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ചപ്പോഴും, ക്രിസ്തുവിൽ വേരുറപ്പിച്ചു ചരിക്കുവാൻ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. ആഗോള കാർമലൈറ്റ് കുടുംബത്തിനും, വരാപ്പുഴ അതിരൂപതയ്ക്കും കേരള സഭയ്ക്കും, ഇന്ത്യയ്ക്കും ഏഷ്യയ്ക്കും സാർവത്രിക സഭയ്ക്കും സന്തോഷം നൽകുന്ന ഈ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ തനിക്ക് ലഭിച്ച അവസരത്തിന് കർദ്ദിനാൾ പ്രാർത്ഥനാപൂർവ്വം നന്ദിയർപ്പിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments