പ്രമുഖ കവി ആര്‍.കെ. വള്ളിച്ചിറയുടെ ''വിഷുപക്ഷി'' പറന്നകന്നു! കവിയുടെ ഭാര്യ 79-കാരിയായ ചെല്ലമ്മ ടീച്ചറുടെ നിര്യാണം ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു. ദീര്‍ഘനാളായി ശയ്യാവലംബിയായിരുന്ന ചെല്ലമ്മ ടീച്ചറെ കൊച്ചുകുഞ്ഞിനെയെന്നപോലെ പരിചരിച്ചിരുന്നത് ഭര്‍ത്താവ് വി.ബി. രാമന്‍കുട്ടിയെന്ന ആര്‍.കെ. വള്ളിച്ചിറയായിരുന്നു.
സുനിൽ പാലാ
15 വര്‍ഷം മുമ്പ് ചെല്ലമ്മ ടീച്ചര്‍ക്ക് പക്ഷാഘാതം വന്നതോടെയാണ് തളര്‍ന്നുപോയത്. പിന്നീട് കവിയുടെയും ടീച്ചറിന്റെ മക്കളുടെയും നിരന്തരമായ പരിചരണം കൊണ്ട് ചെല്ലമ്മ ടീച്ചര്‍ക്ക് ഒരുവിധം നടക്കാമെന്നായി. ഇതേക്കുറിച്ച് തന്റെ വിഷുപക്ഷി എന്ന കവിതാ സമാഹാരത്തില്‍ ''രണ്ടാം ബാല്യം'' എന്നൊരു കവിതയും പ്രിയതമയ്ക്കായി കവി എഴുതിച്ചേര്‍ത്തു. അതായത് ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ഭക്ഷണം വാരിക്കൊടുത്ത് കൈപിടിച്ച് പ്രിയപ്പെട്ടവളെ നടത്തിച്ചതിന്റെ അനുഭവങ്ങള്‍ ചേര്‍ത്തുകെട്ടിയാണ് കവി ആര്‍.കെ. വള്ളിച്ചിറ രണ്ടാം ബാല്യം എഴുതിയത്.
ഒരുവിധം ഭേദപ്പെട്ടുവന്ന ചെല്ലമ്മ ടീച്ചര്‍ക്ക് വീണ്ടും സ്‌ട്രോക്ക് വന്നതോടെ ജീവിതം കൂടുതല്‍ ക്ലേശകരമായി. അങ്ങനെ കഴിഞ്ഞ ഏഴ് വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി ചികിത്സയില്‍ കഴിഞ്ഞ പ്രിയതമയോടൊപ്പം എപ്പോഴും കവി കൂട്ടുനിന്നു; പക്ഷിയുടെ ചിറകുകള്‍ പോലെ.
ഇതിനിടയില്‍ മക്കള്‍ക്ക് അവധി കിട്ടുന്ന ദിവസം അവരെ ചെല്ലമ്മ ടീച്ചറിന്റെ അടുത്താക്കി കവി വിവിധ സമ്മേളനങ്ങള്‍ക്കും മറ്റും തലകാണിച്ച് മടങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നടത്തുന്ന പ്രസിദ്ധമായ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന്റെ ആചാര്യസ്ഥാനവും കവി ആര്‍.കെ. വള്ളിച്ചിറ വഹിച്ചുപോന്നു. ഇങ്ങനെ ആചാര്യസ്ഥാനം വഹിക്കേണ്ടിവന്ന ഒരവസരത്തിലും ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്നുള്ളത് ഉമാമഹേശ്വരന്‍മാരുടെ അനുഗ്രഹമായിട്ടാണ് കവി കരുതുന്നത്. രാമപുരം പറോട്ടിയേല്‍ കുടുംബാംഗമായ കെ.എന്‍. ചെല്ലമ്മ ടീച്ചര്‍ ദീര്‍ഘകാലം ഞീഴൂര്‍ വിശ്വഭാരതി ഹൈസ്‌കൂളിലെ മലയാളം അധ്യാപികയായിരുന്നു. കവി ആര്‍.കെ. വള്ളിച്ചിറ വലവൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.
കവി ആര്‍.കെ. വള്ളിച്ചിറയുടെ ഭാര്യ കെ.എന്‍. ചെല്ലമ്മ ടീച്ചറിന്റെ നിര്യാണത്തില്‍ എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, മാണി സി. കാപ്പന്‍ എം.എല്‍.എ., എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. കാവിന്‍പുറം ക്ഷേത്രത്തിലെ നവരാത്രി ഉത്സവ അക്ഷരാചാര്യനായ ആര്‍.കെ. വള്ളിച്ചിറയുടെ ഭാര്യ ചെല്ലമ്മ ടീച്ചറിന്റെ നിര്യാണത്തില്‍ കാവിന്‍പുറം ദേവസ്വം ഭരണസമിതിയോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സുനില്‍ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികളായ പി.എൻ. ചന്ദ്രശേഖരൻ നായർ, കെ.ജി. ഭാസ്ക്കരൻ നായർ, ദിലീപ് കുമാർ ആരത്തുങ്കൽ, സുരേഷ് ലക്ഷ്മി നിവാസ്, ത്രിവിക്രമൻ നായർ, ശിവദാസ് തുമ്പയിൽ, ബാബു പുന്നത്താനം, പ്രസന്നകുമാർ കാട്ടുകുന്നത്ത്, ഗോപകുമാർ അമ്പാട്ടു വടക്കേതിൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ , വിജയകുമാർ ചിറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.




0 Comments