ചൂടും ചൂരും നിറഞ്ഞ വാർത്തകളുടെ, ലോകത്തു നിന്ന്തെ രഞ്ഞെടുപ്പ് മൽസരത്തിന്റെ കളം നിറഞ്ഞുള്ള കളിയിലേക്ക് ഇറങ്ങുമ്പോൾ ആകെ ഒരു പുതുമ. വേറിട്ടൊരു അനുഭവമെന്നാണ് വൈഷ്ണവി സി എസ് പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ 20-ാം വാർഡിൽ പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്നും വേറിട്ട മത്സരമാണ്. ഇടത്-വലത് രാഷ്ട്രീയത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ പൊതുസമൂഹത്തിൽ ഉയർത്തിക്കാട്ടി എൻഡിഎയ്ക്കു വേണ്ടി ജനങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത് മാധ്യമ പ്രവർത്തകയാണ്.
അയ്മനത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളെ വാർത്തകളിലൂടെ അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുള്ള വൈഷ്ണവി സി. എസ് ജന്മഭൂമി കോട്ടയം യൂണിറ്റിലെ സബ് എഡിറ്ററാണ്. ബിരുദാന്തര ബിരുദശേഷം പത്രപ്രവർത്തനത്തിന്റെ തുടക്കം കലാകൗമുദിയിലായിരുന്നു.
പിന്നീട് നാല് വർഷമായി ജന്മഭൂമിക്ക് ഒപ്പമാണ്. അയ്മനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഒരു മത്സരാർത്ഥിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് വേദിയിലെത്തുന്നതിന് മുമ്പുതന്നെ ഊർജ്ജ്വസ്വലയായ പത്രപ്രവർത്തകയെന്ന നിലയിൽ വൈഷ്ണവിയുടെ ഹൃദയത്തെ സ്പർശിച്ചിട്ടുള്ളതാണ്. അത് അവർ വാർത്തകളിലൂടെ അധികാര കേന്ദ്രങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലതിനും പരിഹാരങ്ങളുമുണ്ടായി.
പലപ്പോഴായി താനുയർത്തിയിട്ടുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി നേരിട്ട് പ്രവർത്തിക്കണമെന്ന ആഗ്രഹം തന്നെയാണ് ഈ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്നും, കേന്ദ്ര സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും വൈഷ്ണവി വ്യക്തമാക്കുന്നു.
സാമൂഹ്യ നീതിയും വികസനവുമാണ് പത്രപ്രവർത്തകന്റെ തൊഴിൽ ധർമ്മം അതുകൊണ്ട് വൈഷ്ണവിയിലൂടെ ഈ മൂല്യങ്ങൾ നടപ്പാക്കുമെന്ന വിശ്വാസമാണ് പരിപ്പ് നിവാസികൾക്ക്. സുപരിചിതയായ വൈഷ്ണവിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകളും കുട്ടികളും സന്തോഷത്തിലാണ്. അതുപോലെ വൈഷ്ണവിയുടെ കടന്നു വരവ് യുവത്വത്തിനും പ്രചോദനമാകുന്നു. കോഴിക്കോട് സ്വദേശിയായ വൈഷ്ണവി വിവാഹത്തിന് ശേഷമാണ് കോട്ടയത്ത് എത്തിയത്.



0 Comments