ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി; പത്മകുമാറിനെ വീണ്ടും വിളിപ്പിച്ചു, ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല


ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം തന്ത്രിയോട് അനുമതി തേടി. ദേവസ്വം ബോര്‍ഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് എസ്‌ഐടി അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളില്‍ നിലവിലുള്ള പാളികള്‍, കട്ടിളപാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി സ്ഥാപിച്ച വാതിലുകളും പാളികളുമെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ തീര്‍ത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും. അളവും തൂക്കവും പഴക്കവുമെല്ലാം ശാസ്ത്രീയമായി വിലയിരുത്തും. 


അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഉടന്‍ ഹാജരാകണമെന്നും എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. 2017-19 കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 


ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല 
അതിനിടെ, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി കെ ജയശ്രീ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയത് ജയശ്രീ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ജയശ്രീയോട് നിര്‍ദേശിച്ചിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments