ശബരിമല; തിരക്ക് നിയന്ത്രിക്കാൻ കാനന പാതയിൽ നിരീക്ഷണം ശക്തമാക്കും


ശബരിമല; തിരക്ക് നിയന്ത്രിക്കാൻ കാനന പാതയിൽ നിരീക്ഷണം ശക്തമാക്കും

  ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ  ചേർന്ന  അവലോകന യോഗം തീരുമാനിച്ചു. ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.  


കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മാറി മറ്റു വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്.  ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പോലീസും സഹകരിച്ച് നിരീക്ഷണം നടത്തും.

കാനന പാത തിരഞ്ഞെടുക്കുന്ന തീർത്ഥാടകർ പൂർണമായും പരമ്പരാഗത പാതയിലൂടെ മാത്രമേ വരാൻ പാടുള്ളൂ.  മറ്റു വഴികളിലൂടെ എത്തുന്നത് നിലവിലെ ക്രമീകരണങ്ങളെ ബാധിക്കും.


ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ എത്തുന്നവർക്കുമാത്രമായി മുക്കുഴിയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഇങ്ങനെ പാസ് ലഭിക്കുന്നവരും പമ്പയിൽ എത്താതെ സന്നിധാനത്തേക്ക് പോകാൻ പാടില്ല.

മറ്റു ദിവസങ്ങളിലേക്ക് ബുക്കിംഗ് എടുത്തിട്ടുള്ളവർ മുൻകൂട്ടി എത്തിയാൽ ബുക്ക് ചെയ്ത അവസരം വരുന്നതു വരെ കാത്തു നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ ബുക്കിംഗ് എടുത്തിട്ടുള്ള ദിവസം മാത്രം വരാൻ തീർത്ഥാടകർ ശ്രദ്ധിക്കണം.

ശബരിമലയിലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ട ജാഗ്രതാ സംവിധാനം ശക്തമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും  ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള പോലീസിന്റെ ഏകോപനം കൂടുതൽ ശക്തമാക്കണം.


തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലും സമീപ മേഖലകളിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ള നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന്  ആരോഗ്യവകുപ്പം ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധനകൾ നടത്തും. രാസ കുങ്കുമം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധനകൾ കർശനമാക്കും.


എരുമേലിയിലെ മാലിന്യ സംസ്‌കരണത്തിനായി കുമരകം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്ന് ദേവസ്വം ബോർഡ് തത്കാലത്തേക്ക് എടുത്തിട്ടുള്ള  മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ,  അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ്‌കുമാർ, എഡിജിപി എസ്. ശ്രീജിത്ത്, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ, കോട്ടയം ആർ.ഡി.ഒ: ജിനു പുന്നൂസ്  തുടങ്ങിയവർ പങ്കെടുത്തു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments