ഇന്നോവ ഇടിച്ചു മരിച്ച സിആർപിഎഫ് ജവാന്‍റെ അവകാശികൾക്ക് ഒരു കോടി അറുപതുലക്ഷം നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവ്. .... കാണക്കാരിയിൽ ഉണ്ടായ അപകടത്തിലാണ് ജവാൻ മരണപ്പെട്ടത്.
വാഹനാപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്‍റെ അവകാശികൾക്ക് ഒരു കോടി അറുപതുലക്ഷം നഷ്ടപരിഹാരം. കോട്ടയം കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്കുമാറിന്‍റെ അവകാശികൾക്കാണ് ഒരു കോടി അറുപതുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ജഡ്‌ജി പ്രസൂൺ മോഹൻ വിധി പ്രസ്താവിച്ചു. ഒക്ടോബർ 11ന് കാണക്കാരി കളരിപ്പടിയിലാണ് അപകടമുണ്ടായത്. ജയേഷ് കുമാർ ഏറ്റുമാനൂരിൽനിന്നും കടുത്തുരുത്തിയിലേക്ക് ബൈക്കിൽ പോകവെ എതിരെ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് ജയേഷ്കുമാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വണ്ടി കയറി ഇറങ്ങിയ നിലയിൽ ഹെൽമെറ്റ് റോഡിൽ നിന്നും പോലീസ് കണ്ടെടുത്തു. പരിക്കേറ്റ ജയേഷ്കുമാറിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം അന്നുതന്നെ മരണപ്പെടുകയായിരുന്നു. അതേസമയം ഇന്നോവ ഡ്രൈവർക്കെതിരെ കേസെടുത്ത കുറവിലങ്ങാട് പോലീസ് കാർ ഉടമയുടെ സ്വാധീനത്തിൽ യഥാർഥ വസ്തുതകൾ മൂടിവച്ച് ജയേഷ് കുമാറിന്‍റെ അശ്രദ്ധ കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി. പിന്നീട് കാറിന്‍റെ ഡ്രൈവറെ കേസിൽ നിന്നും രക്ഷപ്പെടുത്തികൊണ്ട് പോലീസ് ക്രിമിനൽ കേസ് റഫർ എഴുതിതള്ളി അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകി.
എന്നാൽ പോലീസ് നടത്തിയ കൃത്രിമം കുടുംബം അറിഞ്ഞിരുന്നില്ല. നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്‍റെ റിക്കാർഡുകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസ് റഫർ ചെയ്ത് ഇന്നോവ കാറിന്‍റെ ഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞത്. ഉടൻ തന്നെ ജയേഷ് കുമാറിന്‍റെ ഭാര്യ കുറവിലങ്ങാട് പോലീസിന്‍റെ നീയമവിരുദ്ധമായ നടപടികൾ ചുണ്ടിക്കാണിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിന് പരാതി നൽകി. ക്രിമിനൽ കേസ് അന്തിമ റിപ്പോർട്ടിനെതിരെ പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചെങ്കിലും പോലീസിന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ല.തുടർന്ന് യഥാർഥ വസ്തുതകൾ രേഖപ്പെടുത്തി പാലാ ജുഡീഷൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.
സംഭവം നേരിൽകണ്ടെ സാക്ഷികളുടെ മൊഴിയും പോലീസ് മഹസറും മറ്റുതെളിവുകളും പരിശോധിച്ച കോടതി പ്രഥമ ദൃഷ്ട്യാ ഇന്നോവ കാറിന്‍റെ ഡ്രൈവറുടെ അമിത വേഗതതും അശ്രദ്ധയും കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി ഇന്ത്യൻ ശിക്ഷാ നീയമം 279 3O4 (A) പ്രകാരം ഇന്നോവ കാർ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ച് പ്രതിയെ കോടതി നേരിട്ട് സമൻസ് അയച്ച് വരുത്തുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരത്തിനായി മരണപ്പെട്ട ജയേഷിന്‍റെ ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും ജയേഷിന്‍റെ മാതാപിതാക്കളും കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു. അപകടംകണ്ട സാക്ഷികളെ നേരിട്ട് കോടതിയിൽ വിളിച്ചു വരുത്തി തെളിവെടുത്തു.
കുറവിലങ്ങാട് പോലീസിൽ ഹാജരാക്കിയ സംഭവ സ്ഥല മഹസറും മജിസ്ട്രേറ്റ് കോടതിയിലെ കേസിന്‍റെ റിക്കാർഡുകളും തെളിവായി സ്വീകരിച്ച് കോട്ടയം എംഎസിറ്റി ജഡ്ജി ഇന്നോവ കാറിന്‍റെ ഡ്രൈവറുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും കൊണ്ട് മാത്രമാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചു. ഒരു കോടി പതിനാറു ലക്ഷത്തി നാൽപ്പത്തി നാലായിരം രൂപ വിധി തുകയും ഹർജിക്കാരുടെ കോടതിയിലെ വ്യവഹാര ചിലവിനത്തിൽ ഏഴുലക്ഷത്തി മുപ്പത്തയ്യായിരം രൂപയും ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ മുപ്പത്താറു ലക്ഷത്തി ഇരുപത്തൊൻപതിനായിരം രൂപയും ഉൾപ്പെടെ ഒരു കോടി അറുപതുലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇന്നോവകാറിന്‍റെ ഇൻഷ്വറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.





0 Comments