ഡല്‍ഹിക്ക് സമീപമുള്ള ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍, ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ ഡോ. മുജമ്മില്‍ ഷക്കീലിനൊപ്പം ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഷക്കീലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, ഫരീദാബാദിന്റെ കോഡായ എച്ച്ആര്‍ 51-ല്‍ തുടങ്ങുന്ന നമ്പറുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍ പോലീസ് പരിശോധിച്ചത്. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോ സ്‌ഫോടകവസ്തുക്കള്‍, 20 ടൈമറുകള്‍, മറ്റ് സംശയാസ്പദമായ വസ്തുക്കള്‍ എന്നിവ കണ്ടെത്താനും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ പോലീസിനെ സഹായിച്ചു. വാടകയ്ക്ക് എടുത്ത ഒരു മുറിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫരീദാബാദിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷക്കീല്‍. ക്യാമ്പസിലാണ് താമസിച്ചിരുന്നതെങ്കിലും ധോജില്‍ ഒരു മുറിയും അദ്ദേഹം വാടകയ്ക്ക് എടുത്തിരുന്നു. ഇയാളുടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പത്ത് ദിവസം മുന്‍പ് ഷക്കീലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, വാടക മുറിയെക്കുറിച്ചും തന്റെ സഹപ്രവര്‍ത്തകയുടെ സ്വിഫ്റ്റ് കാറിനെക്കുറിച്ചും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ഷക്കീലിന്റെ മുറിയില്‍ നടത്തിയ റെയ്ഡില്‍, അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച എട്ട് വലിയ സ്യൂട്ട്‌കേസുകളും നാല് ചെറിയ സ്യൂട്ട്‌കേസുകളും കണ്ടെത്തി. തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും ഹരിയാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കാറില്‍നിന്ന് ഒരു എകെ-74 റൈഫിള്‍, മാഗസിനുകള്‍, 83 വെടിയുണ്ടകള്‍, ഒരു പിസ്റ്റള്‍, എട്ട് വെടിയുണ്ടകള്‍, ഉപയോഗിച്ച രണ്ട് തിരകള്‍, രണ്ട് അധിക മാഗസിനുകള്‍ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ വനിതാ ഡോക്ടറുടെ പങ്ക് കണ്ടെത്താനായി പോലീസ് അവരെ ചോദ്യംചെയ്തുവരികയാണ്.
പോലീസ് പറയുന്നതനുസരിച്ച്, രണ്ടാഴ്ച മുന്‍പാണ് 350 കിലോ സ്‌ഫോടകവസ്തുക്കള്‍ ഷക്കീലിന് ലഭിച്ചത്. ഇയാള്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍, എന്തിനാണ് ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ ദേശീയ തലസ്ഥാനത്തിന് സമീപം ശേഖരിച്ചതെന്ന് വ്യക്തമല്ല. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ ഡല്‍ഹിക്ക് സമീപം എത്തിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 27-നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് ശ്രീനഗറില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തില്‍, അദീല്‍ അഹ്‌മദ് റാത്തര്‍ എന്നയാളാണ് പോസ്റ്ററുകള്‍ പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇയാളെ ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ അനന്തനാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് റാത്തര്‍ ജോലി ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. അനന്തനാഗിലെ ഇയാളുടെ ലോക്കര്‍ പരിശോധിച്ചപ്പോള്‍ ഒരു എകെ 47 റൈഫിള്‍ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഷക്കീലിലേക്ക് എത്തിയതും തുടര്‍ന്ന് ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതും.



0 Comments