മഴ - പുഴ നിരീക്ഷണത്തിൻ്റെ കൂട്ടിക്കൽ ജനകീയ മാതൃകയ്ക്ക് ഗ്രാമപഞ്ചായത്തിൻ്റെ പിന്തുണ
2021 ൽ കൂട്ടിക്കൽ മേഖല കടന്നുപോയ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്റർ, മീനച്ചിൽ റിവർ & റെയിൻ മോണിട്ടറിംഗ് നെറ്റ് വർക്കിൻ്റെ പ്രവർത്തനാനുഭവങ്ങൾ സമാഹരിച്ച് കൂട്ടിക്കൽ പഞ്ചായത്ത് പ്രദേശത്തെ 11 ലൊക്കേഷനുകളിൽ ആരംഭിച്ച മഴ നിരീക്ഷണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്തിൻ്റെ പിന്തുണ.
2023 ൽ ആരംഭിച്ച പ്രവർത്തനം കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭൂമിക 11 മഴമാപിനികൾ ലഭ്യമാക്കി. പിന്നീട് പലപ്പോഴായി ശക്തമായ മഴ സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിനും മറ്റ് ഡിപാർട്ട്മെൻ്റുകൾക്കും തത്സമയ വിവരങ്ങൾ രാപകൽ ലഭ്യമാക്കി അവർ ശ്രദ്ധനേടി.
പ്രതിമാസ ശരാശരികളും മറ്റും തയ്യാറാക്കി അവതരിപ്പിച്ചു. വിവിധ വേദികളിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഈ മാതൃകാ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ ഇടപെടുകയായിരുന്നു. 365 രൂപയുടെ ലളിതമായ ഉപകരണത്തിൽ നിന്നും ഗുണമേന്മയും കൃത്യതയുമുള്ള 4500 രൂപയുടെ മഴമാപിനികൾ 2025 - 2026 വാർഷിക പദ്ധതിയിൽ ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തി സന്നദ്ധ പ്രവർത്തകരായ ക്ലൈമറ്റ് വളൻ്റിയർമാർക്ക് ലഭ്യമാക്കി.
കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂളിനെ കൂടാതെ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഏന്തയാർ, SGM യു പി സ്കൂൾ ഒലയനാട് എന്നിവയുടെ സഹകരണവും പ്രവർത്തനത്തിന് ഇനി മുതൽ ലഭ്യമാവും. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലഭ്യമാക്കിയ മഴ മാപിനികളുടെ കൈമാറ്റം പ്രസിഡൻ്റ് ബിജോയി ജോസ് മുണ്ടുപാലം ഉദ്ഘാടനംചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോസ് അധ്യക്ഷത വഹിച്ചു ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എൻ. വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് ചാക്കോ, കെ എസ് മോഹനൻ, ആൻസി അഗസ്റ്റിൻ, പ്ലാൻ ക്ലർക്ക് സിനിമോൻ കെ. എസ്. എന്നിവർ പ്രസംഗിച്ചു. ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം പദ്ധതി വിശദീകരണം നടത്തി. കൊക്കയാർ പഞ്ചായത്ത് പ്രദേശത്തേയ്ക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു.
.jpeg)





0 Comments