സീറോ മലബാർസഭയുടെ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെൻ്റ് ലോറൻസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുടി അണിയിച്ചും അംശവടി കൈമാറിയും മെത്രാഭിഷേകം നടത്തി.തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരായി. ബൽത്തങ്ങാടി വികാരി ജനറാൾ ഫാ. ജോസഫ് വലിയപറമ്പിൽ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു.
ചാൻസലർ ഫാ.ലോറൻസ് പൂണോലിൽ നിയമനപത്രിക വായിച്ചു. മാർ റാഫേൽ തട്ടിൽ ഔദ്യോഗിക നിയമനപത്രിക മാർ ജയിംസ് പട്ടേരിലിന് കൈമാറി. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസ് പൊരുന്നേടം, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് ചിറ്റൂപറമ്പിൽ, മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള 41 ബിഷപ്പുമാർ ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തി. തുടർന്നു നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു.
പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് കുടിയേറ്റജനത വിയർപ്പും രക്തവും ചിന്തി യാഥാർഥ്യമാക്കിയ ബൽത്തങ്ങാടി രൂപത ഇന്നു സീറോമലബാർ സഭയുടെ അഭിമാനമാനമായി വളർന്നിരിക്കുകയാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇതിനു കാരണം മാർ ലോറൻസ് മുക്കുഴിയുടെ നേതൃമികവാണ്. പലഭാഗങ്ങളിലായി ചിതറിക്കിടന്ന ഇവിടുത്തെ ക്രൈസ്‌തവകുടുംബങ്ങളെ ഒരു കുടക്കീഴിലാക്കി നയിച്ചു. മികച്ച ഒരു വിഷനറിയും മിഷനറിയുമാണ് അദ്ദേഹം.
ഏതൊരു പ്രശ്‌നത്തിനും മാർ മുക്കുഴി പിതാവിന്റെ പക്കൽ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം കാട്ടിക്കൊടുത്ത മാതൃക മാർ ജയിംസ് പട്ടേരിലിന് വലിയ മുതൽക്കൂട്ടാകുമെന്നും മാർ തട്ടിൽ പറഞ്ഞു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
അപ്പോസ്തോലിക് നൂൺഷ്യോയുടെ പ്രതിനിധി മോൺ. ആൻഡ്രിയ ഫ്രാൻസിയ പേപ്പൽ മെസേജ് നൽകി. അധികാരം കൈയാളാനല്ല, നല്ലൊരു സേവകനായിതീരാനാണ് മെത്രാൻ പദവിയിലൂടെ ശ്രമിക്കുന്നതെന്ന് മാർ ജയിംസ് പട്ടേരിൽ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ക്ലരീഷ്യൻസ് സുപ്പീരിയർ ജനറാൾ ഫാ. മാത്യു വട്ടമറ്റം, പ്രിസ്ബിറ്റോറിയം സെക്രട്ടറി ഫാ. തോമസ് കണ്ണാങ്കൽ, എസ്എച്ച് കോൺഗ്രിഗേഷൻ മേരിമാതാ
റീജൺ സുപ്പീരിയർ സിസ്റ്റർ ലിസ് മാത്യു, കെഎസ്എംസിഎ പ്രസിഡൻ്റ് ബിറ്റി നെടുനിലം, കറുകുറ്റി സെന്റ് തോമസ് പ്രോവിൻസ് സുപ്പീരിയർ ഫാ.സിബി ഞാവള്ളിക്കുന്നേൽ സിഎംഎഫ് എന്നിവർ സംബന്ധിച്ചു. എപ്പിസ്കോപ്പൽ കോൺസിക്രേഷൻ കമ്മിറ്റി കോഓർഡിനേറ്റർ ഫാ. മാത്യു ആലപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജസീന്ത പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.





0 Comments