ഓപ്പറേഷൻ രക്ഷിത’ –പദ്ധതിയുടെ ഭാഗമായി നടത്തിയ ബ്രെത്തലൈസർ പരിശോധനയിൽ, ട്രെയിനിലെ യാത്രക്കാരന്റെ ശ്വാസോച്ഛ്വാസത്തിൽ അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യം. 100 മില്ലിലീറ്റർ രക്തത്തിൽ 415 മില്ലിഗ്രാം ആൽക്കഹോൾ എന്ന ഫലമാണ് പരിശോധനയിൽ ലഭിച്ചത്.
കേസെടുക്കാനുള്ള അളവ് 30 മില്ലിഗ്രാം ആൽക്കഹോൾ ആണ്. പരിശോധന ആരംഭിച്ച ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര ഉയർന്ന ഫലം ലഭിക്കുന്നത്.
ഇന്നലെ രാവിലെ 10.58നു ശബരി എക്സ്പ്രസിൽ വനിതാ പൊലീസ് ബ്രെത്തലൈസർ ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ ബോധമില്ലാതെ നിന്നയാളെ പിടികൂടിയത്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതാണെന്ന് ഇയാൾ റെയിൽവേ പൊലീസിനോടു പറഞ്ഞു.കേസെടുത്ത ശേഷം ഇയാളെ വിട്ടയച്ചെന്നും കേസ് കോടതിയിലേക്കു കൈമാറുമെന്നും റെയിൽവേ പൊലീസ് എസ്ഐ റെജി പി.ജോസഫ് അറിയിച്ചു.
ട്രെയിനിൽ യാത്ര തുടരാൻ അനുവദിച്ചില്ല. അതേസമയം, ബ്രെത്തലൈസറിനോട് അനുബന്ധിച്ചു ഘടിപ്പിച്ച പ്രിന്ററിൽനിന്ന് മദ്യത്തിന്റെ തോത് മനസ്സിലാക്കാൻ രസീത് എടുത്തു തുടങ്ങി. മദ്യപനെന്നു കണ്ടെത്തിയാൽ രസീത് കേസ് ഫയലിനൊപ്പം സൂക്ഷിക്കും. 3 ദിവസത്തിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ചെത്തിയ 26 പേരെ അറസ്റ്റ് ചെയ്തു. 3 പേരെ ട്രെയിനിനുള്ളിൽ നിന്നും 23 പേരെ പ്ലാറ്റ്ഫോമിൽനിന്നും പിടികൂടി. കേരള എക്സ്പ്രസിൽനിന്നു പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവത്തെത്തുടർന്നു റെയിൽവേ പൊലീസ് ആരംഭിച്ച– ‘ഓപ്പറേഷൻ രക്ഷിത’ –പദ്ധതിയുടെ ഭാഗമായാണ് പരിശോധന.



0 Comments