ഇടുക്കി ജില്ലയിൽ ഒരാഴ്ചക്കിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 94 പേര്‍


തെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട്  കര്‍ശന നടപടിയുമായി സുപ്രീംകോടതി രംഗത്തെത്തുമ്പോഴും  ജില്ലയില്‍ തെരുവു നായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു.  ജില്ലയില്‍ കഴിഞ്ഞ  ഒരാഴ്ചക്കിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 94 പേരാണ്. ഈ വര്‍ഷം ഇതുവരെ 5249 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്.   തെരുവ് നായ്ക്കള്‍, വളര്‍ത്ത് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. എന്നാല്‍ നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.   കുട്ടികളാണ് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ കൂടുതല്‍ ഇരകളാകുന്നത്. 


പല നഗരത്തിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ഭീതിയോടെയാണ് ഇപ്പോള്‍ ജനങ്ങള്‍ പാതകളില്‍ കൂടി സഞ്ചരിക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലോടെ ജില്ലയിലും തെരുവുനായ ശല്യത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെങ്കിലും എ.ബി.സി സെന്റര്‍ നിര്‍മാണം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 
നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ആശങ്കാജനകമായി  വര്‍ധിച്ചിട്ടും ഇവയുടെ നിയന്ത്രണത്തില്‍ അധികൃതര്‍  മെല്ലെപ്പോക്ക് കാട്ടുന്നത്   ജനങ്ങളുടെ കടുത്ത  പ്രതിഷേധത്തിനിടയാക്കിയിടുണ്ട് . 

ജില്ലയില്‍ നഗര,   ഗ്രാമീണ മേഖലകള്‍ കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തെരുവു നായകളുടെ ശല്യം അനിയന്ത്രിതമാണ്. പല പഞ്ചായത്തുകളുടെയും നിരത്തുകളില്‍ നായ്ശല്യം വര്‍ധിക്കുമ്പോള്‍  അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വരുമെങ്കിലും തങ്ങള്‍ നിസഹായരാണെ് പറഞ്ഞ് ഇവര്‍ കൈയൊഴിയും. 
തെരുവു നായ നിയന്ത്രണത്തിന് ജില്ലയില്‍ ഒരു നടപടിയും ഉണ്ടാകാത്തതാണ് ഇവിടെ ഇവ പെരുകാന്‍ കാരണമെന്നാണ് ആക്ഷേപം. 


ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രകാരം നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കുന്ന   എ.ബി.സി സെന്റര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.  കുയിലിമലയില്‍ ജില്ലാ പഞ്ചായത്ത് വിട്ടു നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എബിസി സെന്റര്‍ നിര്‍മിക്കുന്നത്. ഇതിനായി മൂന്നര കോടിയാണ് വകയിരുത്തിയിരിക്കുന്നത്.   സെന്ററിന്റെ  നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും 70 ശതമാനം പൂര്‍ത്തിയായതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാകുന്നേല്‍ പറഞ്ഞു. എ.ബി.സി സെന്റര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അലഞ്ഞു തിരിയുന് തെരുവു നായ്ക്കളെ പിടികൂടി ഇവിടേയ്ക്ക് മാറ്റാമാകും. 
ജില്ലയില്‍ 7375 തെരുവ് നായ്ക്കളുണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ  കണക്കുകള്‍. കന്നുകാലി സെന്‍സസിന്റെ ഭാഗമായി  മൃഗ സംരക്ഷണ വകുപ്പ് നടത്തിയ 2019 ലെ തെരുവ് നായ്ക്കളുടെ വിവര ശേഖരണത്തിലെ കണക്കാണിത്. ആറു വര്‍ഷം പിന്നിട്ടതിനാല്‍ തെരുവു നായ്ക്കളുടെ എണ്ണം 10000 കടന്നിരിക്കാമെന്നാണ് നിഗമനം.   2025 ഏപ്രില്‍ 15 ന് പുതിയ ലൈവ് സ്റ്റോക്ക് സെന്‍സസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments