''മറ്റൊരു ധീരനായ അതികായന്‍ കൂടെ നമ്മളെ വിട്ടു പോയിരിക്കുന്നു. അസഹനീയമായ ശബ്ദമുള്ളൊരു നിശബ്ദത ബാക്കിയാക്കിയാണ് അദ്ദേഹം കളിക്കളം വിട്ടിരിക്കുന്നത്.''...തന്റെ പ്രിയപ്പെട്ട വീരുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ജയ്


ഇതിഹാസ താരം ധര്‍മേന്ദ്രയുടെ വിയോഗം ഇന്ത്യന്‍ സിനിമാ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത് ഒരിക്കലും നികത്താകാനാത്ത വിടവാണ്. മരിക്കുന്നത് വരെ അഭിനയത്തോടും സിനിമയോടും അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. തന്റെ 90-ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധര്‍മേന്ദ്ര അന്തരിച്ചത്.

ധര്‍മേന്ദ്രയെ കാണാനായി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഓടിയെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തെ അവസാനമായി കാണാനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട ധരംജിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്.


ധര്‍മേന്ദ്രയുടെ അടുത്ത സുഹൃത്തും, ഏറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുള്ള അമിതാഭ് ബച്ചന്‍ പങ്കുവച്ച വാക്കുകള്‍ ആരാധകരുടെ ഹൃദയം തൊടുകയാണ്. ഷോലെയിലൂടെ സൗഹൃദത്തിന്റെ ഐക്കണുകളായി മാറിയവരാണ് ബച്ചനും ധരമും. ചിത്രത്തിലെ ജയ്-വീരു കോമ്പോ ഇന്നും ആഘോഷിക്കപ്പെടുന്നു. തന്റെ പ്രിയപ്പെട്ട വീരുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ജയ് എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

''മറ്റൊരു ധീരനായ അതികായന്‍ കൂടെ നമ്മളെ വിട്ടു പോയിരിക്കുന്നു. അസഹനീയമായ ശബ്ദമുള്ളൊരു നിശബ്ദത ബാക്കിയാക്കിയാണ് അദ്ദേഹം കളിക്കളം വിട്ടിരിക്കുന്നത്.'' എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

''ധരംജി, മഹത്വത്തിന്റെ അതുല്യമാതൃക, തന്റെ പ്രശസ്തമായ ഫിസിക്കല്‍ പ്രസന്‍സു കൊണ്ട് മാത്രമല്ല, തന്റെ ഹൃദയവിശാലത കൊണ്ടും, അതിന്റെ ഏറ്റവും പ്രിയങ്കരമായ ലാളിത്യം കൊണ്ടും കൂടിയുമാണ് അദ്ദേഹം മഹാനാകുന്നത്. താന്‍ വന്ന പഞ്ചാബിലെ ഗ്രാമീണ ജീവിതത്തിന്റെ തനിമയും അദ്ദേഹം കൂടെ കൊണ്ടു വന്നിരുന്നു. എല്ലാ ദശാബ്ദത്തിലും മാറിക്കൊണ്ടിരിക്കുന്ന സിനിമാ ലോകത്ത്, തന്റെ മഹത്തായ കരിയറിലൊരിക്കലും അദ്ദേഹം മാറാതെ നിന്നു. 


സിനിമാ ലോകം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹം മാറിയില്ല. അദ്ദേഹത്തിന്റെ ചിരിയും, ആകര്‍ഷണീയതയും, ഊഷ്മളതയും, അരികിലെത്തിയ എല്ലാവരിലേക്കും പടര്‍ന്നിരുന്നു. ഈ മേഖയില്‍ അതൊരു അപൂര്‍വ്വതയാണ്.'' എന്നുമാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

'നമുക്ക് ചുറ്റുമുള്ള വായു ശൂന്യമായിരിക്കുന്നു. ഒരിക്കലും നികത്താനാകാത്ത ശൂന്യത, പ്രാര്‍ത്ഥനകള്‍' എന്നു പറഞ്ഞാണ് ബച്ചന്‍ നിര്‍ത്തുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തിലാണ് ബച്ചനും ധരമും ആദ്യമായി ഒരുമിക്കുന്നത്. പിന്നാലെ ചുപ്‌കെ ചുപ്‌കെ, ഷോലെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഷോലെ ഇരുവരുടേയും കോമ്പോ ഐക്കോണിക് ആയി മാറി. തുടര്‍ന്ന് നസീബ്, രാം ബല്‍റാം, ഹം കോന്‍ ഹേ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments