ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണ് ഉള്ളതെന്നും തന്ത്രി കണ്ഠരര് രാജീവരര്. തനിക്ക് അറിയാവുന്നതെല്ലാം പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്. അതൊക്കെ എങ്ങനെ തനിക്കറിയാമെന്നും അനുജ്ഞ കൊടുക്കുക എന്ന ഒറ്റ ഉത്തരവാദിത്തമേ തനിക്കുള്ളു എന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.
ഇരുവരുടെയും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.
സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.





0 Comments