ന്യൂമാൻ എൻസിസി ബാന്റിന് അഭിമാനമായി ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പുരുഷ എൻസിസി ടീം പങ്കെടുക്കുമെന്ന് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ എൻസിസി ബാന്റിന്റെ വനിതാ ടീം കഴിഞ്ഞ വർഷം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തിരുന്നു. കേരളത്തിൽനിന്നുള്ള ആദ്യ വനിതാ എൻസിസി ബാന്റിനാണ് ഈ അവസരം ലഭിച്ചത്. കേരളത്തിൽനിന്ന് ആദ്യമായാണ് എൻസിസി പുരുഷവിഭാഗം ബാന്റ് റിപ്പബ്ലിക്ക് ദിന ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ച് എൻസിസി ബാന്റുകളാണ് പരേഡിൽ അണിനിരക്കുന്നത്. ടീമിന് പ്രധാനമന്ത്രി, രാഷ്ട്രപതി ഉൾപ്പെടെയുള്ള വ്യക്തികൾക്കുമുന്നിൽ പരേഡ് അവതരിപ്പിക്കാനും അവരുമായി സംസാരിക്കാനുമുള്ള അവസരമാണ് കൈവരുന്നത്.
2016ൽ ന്യൂമാൻ കോളജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, പ്രഫ. റെജീന ജോസഫ്, റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച എൻസിസി ബാന്റ് ടീമാണ് ചരിത്രനേട്ടം കൈവരിക്കുന്നത്. നിരവധി തവണ കേരളത്തിലെ മികച്ച എൻസിസി യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കോളജ് ടീം റിപ്പബ്ലിക്ക് ദിന പരേഡ് ലക്ഷ്യമിട്ട് തീവ്രപരിശീലനത്തിലായിരുന്നു. 18 കേരള ബറ്റാലിയനു കീഴിലുള്ള ന്യൂമാൻ എൻസിസി ടീമിൽ മൂവാറ്റുപുഴ നിർമല കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള കേഡറ്റുകളുമുണ്ട്. ന്യൂമാനിലെ 30 കേഡറ്റുകൾക്കൊപ്പം ഈ കോളജുകളിൽനിന്നുള്ള അഞ്ച് കേഡറ്റുകൾ വീതമാണ് ടീമിലുള്ളത്. സൈനികോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നേടുന്ന ടീം ഡിസംബർ അവസാനത്തോടെ ഡൽഹിക്ക് യാത്രതിരിക്കും. ന്യൂമാനിലെ അശ്വിൻ സുഭാഷാണ് ടീം ലീഡർ.
പിന്നാക്ക മേഖലയിലുള്ള വിദ്യാർഥികൾ കഠിന പരിശ്രമത്തിലൂടെയാണു ചരിത്രനേട്ടം കൈവരിച്ചതെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. 18 കേരള കമാൻഡിംഗ് ഓഫീസർ ലെഫ്. കേണൽ അനിരുദ്ധ് സിംഗ്, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ലെഫ്. ആൽബിഷ് കെ. പോൾ, ലെഫ്. ജിൻ അലക്സാണ്ടർ, ലെഫ്. കെ. രമ്യ, ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസണ്‍ നിരവത്തിനാൽ, ഫാ. അലൻ വെള്ളാംകുന്നേൽ, സുബൈദാർ മേജർ സുഗ്ജിത് സിംഗ് എന്നിവർ ടീമിന് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ബെൻസണ്‍ നിരവത്തിനാൽ, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു എന്നിവരും പങ്കെടുത്തു.



0 Comments