തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതിന് പിന്നാലെ മലപ്പുറത്തിനപ്പുറം കൂടുതല്‍ ജില്ലകളില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കൂടുതല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ഉള്‍പ്പടെ മൂന്ന് ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ലീഗിന് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. ഇത്തവണ അതുപോരാ എന്നാണ് ലീഗ് പറയുന്നത്.
യുഡിഎഫിലെ ധാരണ അനുസരിച്ച് ആദ്യഘട്ടത്തില്‍ ലീഗിനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം. സാധാരണയായി ഡെപ്യൂട്ടി മേയറാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കാറുള്ളത്. കഴിഞ്ഞ തവണയും കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവി ടേം വ്യവസ്ഥായയിരുന്നു.
മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ഒഴിഞ്ഞതിന് പിന്നാലെ ലീഗ് പ്രതിനിധി മേയറാകുകയും ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു. ഇതോടെ ലീഗിന് മൂന്ന് അധ്യക്ഷസ്ഥാനങ്ങളില്‍ ഒന്ന് നഷ്ടപ്പെടുകയും അത് രണ്ടായി ചുരുങ്ങുകയും ചെയ്തു. കരാര്‍ പ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദിര പി ഡെപ്യൂട്ടി മേയറായപ്പോള്‍ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനവും അവര്‍ക്ക് ലഭിച്ചു.
‘കഴിഞ്ഞ തവണ മുസ്ലീം ലീഗിന് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. എന്നാല്‍ ഇത്തവണ, ഡെപ്യൂട്ടി മേയര്‍ വഹിക്കുന്ന ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തിന് പുറമെ, മറ്റ് മൂന്ന് അധ്യക്ഷസ്ഥാനങ്ങള്‍ കൂടി വേണമെന്ന കാര്യം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും,’ -മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.
2020-ല്‍ ഷമീന (ക്ഷേമകാര്യം), സയ്യിദ് സിയാദ് തങ്ങള്‍ (ടൗണ്‍ പ്ലാനിംഗ്) എന്നിവര്‍ ലീഗിന്റെ സ്റ്റാന്റിങ കമ്മിറ്റി ചെയര്‍മാന്‍മാര്‍. അന്ന് ഫിനാന്‍സ് കമ്മിറ്റിയും ലീഗിനൊപ്പമായിരുന്നു. എന്നാല്‍ മേയര്‍ സ്ഥാനം ലഭിച്ചതോടെ ഫിനാന്‍സ് കമ്മിറ്റി നഷ്ടമായി. ഇതോടെ എട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുള്ള കോര്‍പ്പറേഷനില്‍ ലീഗിന്റെ പ്രാതിനിധ്യം രണ്ടായി കുറഞ്ഞു.
ഇത്തവണ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കിയത്. ഇതില്‍ 15 സീറ്റുകളില്‍ മുസ്ലീം ലീഗ് വിജയിച്ചു.
പാര്‍ട്ടിയുടെ സീറ്റ് വര്‍ധനവിനനുസരിച്ച് കൂടുതല്‍ സ്ഥാനങ്ങള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ അവസാനവര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി നേടിയെടുക്കാനും ലീഗിന് കഴിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞ തവണ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. മുസ്ലീം ലീഗിന്റെ ഈ സമ്മര്‍ദ്ദ തന്ത്രങ്ങളോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരുംനാളുകളിലെ യുഡിഎഫ് രാഷ്ട്രീയം.




0 Comments