മദ്യത്തിന് പേരിടീല്‍ മത്സരം ചട്ടലംഘനം; പിന്‍വലിക്കണം.
മന്ത്രി മറുപടി പറയണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
പുതിയതായി നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
'സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്‌കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു 'കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
'മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.





0 Comments