ഒഴുകിയെത്തി പ്രവാസി നിക്ഷേപം, മൂന്ന് ലക്ഷം കോടി രൂപ കടന്നു....ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ബാങ്കിങ് മേഖല.


  ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ബാങ്കിങ് മേഖല. ആദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. പ്രവാസികളുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തെ അടിവരയിടുന്നതാണ് ഈ കണക്ക്. 

 2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 3,03,464.57 കോടി രൂപയാണ് പ്രവാസി നിക്ഷേപം. മൂന്ന് മാസം മുമ്പ് ഇത് 2,86,987.21 കോടി രൂപയായിരുന്നു. ഒറ്റ പാദത്തില്‍ 16,476.79 കോടി രൂപ അഥവാ 5.75 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവാസി നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.


 6,634.92 കോടി അല്ലെങ്കില്‍ 2.31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. തുടര്‍ന്ന് ശക്തമായ തിരിച്ചുവരവാണ് പ്രവാസി നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ് പ്രവാസി നിക്ഷേപം. 2015 മാര്‍ച്ചിലാണ് കേരളത്തിലെ പ്രവാസി നിക്ഷേപം ആദ്യമായി ഒരു ലക്ഷം കോടി രൂപയിലെത്തിയത്. 2020 മാര്‍ച്ചില്‍ ഇത് ഇരട്ടിയായി. പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലെത്താന്‍ വീണ്ടും അഞ്ചുവര്‍ഷമെടുത്തു. 


രൂപ ദുര്‍ബലമായതും ആകര്‍ഷകമായ നിക്ഷേപ നിരക്കുകളും മഹാമാരിയ്ക്ക് ശേഷം പണമടയ്ക്കല്‍ കൂടിയതുമാണ് പ്രവാസി നിക്ഷേപം ഉയരാന്‍ കാരണമെന്ന് ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍ പറയുന്നു. യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപ ദുര്‍ബലമായത് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിച്ചതിന് കാരണമായതായി ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ലയബിലിറ്റി ആന്റ് ഫീ പ്രൊഡക്ട്‌സ് കണ്‍ട്രി ഹെഡ് ജോയ് പി വി പറഞ്ഞു. 


 പ്രവാസി നിക്ഷേപത്തില്‍ ഫെഡറല്‍ ബാങ്ക് ആണ് മുന്നില്‍. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഫെഡറല്‍ ബാങ്കില്‍ 85,250 കോടിയുടെ പ്രവാസി നിക്ഷേപമാണ് ഉള്ളത്. എസ്ബിഐ 80,234 കോടി, കനറാ ബാങ്ക് 21,914 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 18,338 കോടി, ഐസിഐസിഐ ബാങ്ക് 13,242 കോടി എന്നിങ്ങനെയാണ് ഫെഡറല്‍ ബാങ്കിന് തൊട്ടുപിന്നിലുള്ള മറ്റു ബാങ്കുകളിലെ പ്രവാസി നിക്ഷേപം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments