എല്ലാ സര്‍ക്കാര്‍ ഓഫീസുകളിൽ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതി നെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് മീറ്റിങ്.
അവധി ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ എന്തെങ്കിലും ശ്രമങ്ങളുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സര്‍വീസ് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. രണ്ട് വര്‍ഷം മുമ്പും ഇതേ നിര്‍ദ്ദേശം പരിഗണിച്ചിരുന്നു. എന്നാല്‍ ക്യാഷ്വല്‍ ലീവിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഇടത് സര്‍വീസ് സംഘടനകളുള്‍പ്പെടെ ശക്തമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നിര്‍ദ്ദേശം തന്നെ പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ഒരു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി മാതാപിതാക്കള്‍ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് പൊതുഭരണ വകുപ്പ് ചര്‍ച്ച പുനരാരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ കാര്യത്തില്‍ ഇത്തവണ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
സര്‍വീസ് സംഘടനകളുടെ ഭാരവാഹികള്‍ക്ക് അയച്ച കത്തുകളിലൊന്നും കരട് നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 5 നോ അതിനുമുമ്പോ ഇ-മെയില്‍ വഴി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ യൂണിയനുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.





0 Comments