സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീമിന് തുടക്കം ആദ്യഘട്ടമായി 12 സംഘങ്ങൾക്ക് ധനസഹായം



സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീമിന്  തുടക്കം
ആദ്യഘട്ടമായി  12 സംഘങ്ങൾക്ക് ധനസഹായം 

കോട്ടയം : കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി  വി.എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്.

കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ആഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന തല മോണിറ്ററിംഗ് സെൽ യോഗം തിരഞ്ഞെടുത്തതാണ് ഈ സംഘങ്ങൾ.  സ്കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്കോർ നേടിയയാണ് 12 സംഘങ്ങൾ  പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇവർ തയാറാക്കി സമപ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുകനൽകുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ്  വിനിയോഗിക്കുക.  ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പ്രകാരം ബാങ്കുകൾക്ക് ലഭ്യമാവും. 


പ്രതിസന്ധി നിമിത്തം ദുർബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ സംഘങ്ങൾ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായുള്ള പദ്ധതിയും സഹകരണ വകുപ്പ് തയാറാക്കിയതായി മന്ത്രി പറഞ്ഞു. സംഘങ്ങൾക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡിൽ നിന്നും വായ്പയായി അനുവദിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായിവരുന്നു. 

നിക്ഷേപ സമാഹണം ജനുവരി 15 മുതല്‍ ഫെബ്രുവരി 25വരെ 
സഹകരണ വായ്പമേഖലയുടെ കരുത്ത് വർദ്ധിപ്പിക്കുന്നിന്നായി സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന മുദ്രാ വാക്യത്തോടെ .ആരംഭിക്കുന്ന 46ാമത് നിക്ഷേപ സമാഹരണം 2026 ജനുവരി 15 ന് ആരംഭിക്കും . ഫെബ്രുവരി 25 വരെയാണ് നിക്ഷേപ സമാഹരണം നടക്കുക. 
സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക , ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണെന്ന് മന്ത്രി വി. എൻ വാസവൻ അറിയിച്ചു. കേരളാ ബാങ്കിലെ വ്യക്തിഗത നിക്ഷേപം വഴി  1000 കോടി രൂപയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടി രൂപയുമാണ് സമാഹരിക്കുക. 
  ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത് 1000 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്. സഹകരണ മേഖലയിലെ നിക്ഷേപം വർധിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുക എന്നിവയും യജ്ഞത്തിന്റെ ലക്ഷ്യമാണ്. ഒരു വീട്ടിൽ ഒരു സഹകരണ ബാങ്ക് അക്കൗണ്ടെന്ന പ്രഖ്യാപിത ലക്ഷ്യവും സാധ്യമാക്കമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം.


നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി                15 -ന്  വൈകിട്ട് 4 മണിക്ക് പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാമ്പാടിയിൽ നടക്കുന്ന യോഗത്തിൽ സഹകരണവകുപ്പ് മന്ത്രി നിർവ്വഹിക്കും. 

സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി
സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി. എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാവും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.  കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇതനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.60 ശതമാനം വരെ പലിശ ലഭിക്കും. 
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ 6.25% 
46 ദിവസം മുതൽ 90 ദിവസം വരെ 6.75% 
91 ദിവസം മുതൽ 179 ദിവസം വരെ 7%
180 ദിവസം മുതൽ 364 ദിവസം വരെ 7.75 %
ഒരു വർഷം മുതൽ രണ്ടു വർഷത്തില്‍ താഴെവരെ 8%
രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.10%
(മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് .5 % 1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)

നവകേരളീയം കുടിശ്ശിക നിവാരണം -  ഒറ്റതവണ തീർപ്പാക്കൽ പദ്ധതി
സഹകരണ സംഘങ്ങൾ/സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത സഹകാരികൾക്ക് കുടിശ്ശിക കുറക്കുന്നതിനും, കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പ്രാഥമിക സംഘങ്ങൾ/ബാങ്കുകളെ പരമാവധി കുടിശ്ശിക രഹിത സംഘങ്ങൾ/ബാങ്കുകളായി മാറ്റുന്നതിനും വേണ്ടി നടത്തി വരുന്ന പദ്ധതിയായ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റതവണ തീർപ്പാക്കൽ പദ്ധതി 2026 ജനുവരി 1, മുതൽ ആരംഭിച്ചു ഫെബ്രുവരി 28വരെയാണ് പദ്ധതി.
പദ്ധതി പ്രകാരം കുടിശ്ശികയായിട്ടുള്ള വായ്പകൾ പരമാവധി ഇളവുകളോടെ അടച്ച് തീർക്കുന്നതിനു വായ്പക്കാർക്ക് അവസരം ലഭിക്കുന്നതാണ്. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും/സഹകരണ ബാങ്കുകൾക്കും ഈ പദ്ധതി ബാധകമായിരിക്കും. 

പദ്ധതിയിലൂടെ വായ്പക്കാർക്ക് പിഴപലിശ പൂർണ്ണമായി ഒഴിവാക്കിയും പലിശയിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 50% വരെ ഇളവ് നൽകിയും അർഹരായവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് മുതലിൽ ഇളവ് ലഭിക്കും.
   ക്യാൻസർ ബാധിതർ, കിഡ്നി സംബന്ധമായ രോഗം മൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയ സംബന്ധ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ പക്ഷാഘാതം മൂലമോ അപകടം മൂലമോ ശരീരം തളർന്ന് കിടപ്പിലായവർ, എച്ച്.ഐ.വി ബാധിച്ചവർ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസിക രോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ടി രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ട ശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന മക്കൾ തുടങ്ങിയവരുടെ വായ്പകൾ ഓരോ വായ്പക്കാരന്റേയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അധിക ഇളവുകൾ നൽകി വായ്പ ബാധ്യത തീർപ്പാക്കാൻ അവസരം ഉണ്ടായിരിക്കും. 

ഇതിനു പുറമേ കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് അധിക പ്രോത്സാഹനം എന്ന രീതിയിൽ ടി വായ്പകളിൽ അടച്ച പലിശയിൽ പരമാവധി 10% വരെ ഇളവുകൾ നൽകാവുന്നതാണ്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെ മറ്റെല്ലാ വായ്പകളും (ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ്, MSS ഉൾപ്പടെ) ഈ പദ്ധതി പ്രകാരം ഇളവു അനുവദിച്ചു നൽകുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.

കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സഹകരണ രജിസ്ട്രാർ ഡോ: ഡി. സജിത്ത് ബാബുവും പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments