കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി...സംസ്കാരം നാളെ (14/01/2026) നീലൂരിൽ



കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ (14/01/2026) നീലൂരിൽ

 പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട 'കുഞ്ഞ്സാർ' വിടവാങ്ങി. നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം 82 മത്തെ വയസിലായിരുന്നു.

55 വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ  കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായിരുന്നു. കുഞ്ഞ്സാർ കണക്കു പഠിപ്പിച്ചാൽ  കണക്കിൻ്റെ എബിസിഡി അറിയാത്ത കുട്ടികളും പരീക്ഷകളിൽ  കണക്കിനു നല്ല മാർക്ക് വാങ്ങിക്കുമായിരുന്നു. കണക്ക് ഇഷ്ടമില്ലാത്ത കുട്ടികളും കുഞ്ഞ് സാറിൻ്റെ ശിഷ്യണത്തിൽ കണക്കിനെ പാൽപായസം കണക്കെ നെഞ്ചിലേറ്റുമായിരുന്നു. 


കുഞ്ഞ് സാറിലെ കണക്കൻമാഷിനെക്കുറിച്ച് കേട്ടറിഞ്ഞവർ മറ്റു സ്കൂളുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ചു. ഇതോടെ വിദ്യാർത്ഥികൾക്കു കണക്കിനു നീലൂരിൽ ട്യൂഷൻ ആരംഭിച്ചു. സ്കൂൾ വിട്ടു വന്നാൽ ട്യൂഷൻ, രാവിലെ ട്യൂഷൻ, അവധി ദിവസങ്ങളിലെല്ലാം ട്യൂഷൻ ആരംഭിച്ചു. അങ്ങനെ നീലൂരിലെ രാത്രികൾ പകലുകളായി മാറുകയും കുട്ടികൾക്ക് കണക്ക് ഹൃദ്യസ്ഥമായി മാറി. വീട്ടിൽ വിദ്യാർത്ഥികളെ താമസിപ്പിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നു.

ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ കുഞ്ഞ് സാറിനെ തേടി വന്നു കൊണ്ടിരുന്നു. അങ്ങനെ ശിഷ്യ സമ്പത്തും വർദ്ധിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ജഡ്ജിമാർ, എഞ്ചിനിയർമാർ, ഡോക്ടർമാർ തുടങ്ങി ജീവിതത്തിൻ്റെ നാനാതുറകളിൽ കുഞ്ഞ് സാറിൻ്റെ ശിഷ്യർ എത്തപ്പെട്ടു. വിദേശത്തും ശിഷ്യരുണ്ടായി. പലരും കുഞ്ഞ് സാറിനെ കാണാൻ ഇപ്പോഴും എത്തുമായിരുന്നു. രോഗാവസ്ഥയിലും തന്നെ തേടി വരുന്ന വിദ്യാർത്ഥികളെ അദ്ദേഹം നിരാശനാക്കിയിരുന്നില്ല. താളാത്മകമായി കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകിയത് മൂന്ന് തലമുറയിൽപ്പെട്ടവർക്കായിരുന്നു.


നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

പാലായുടെ പ്രഥമ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ കുറുമണ്ണ് മൂലയിൽ തോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ പൊന്നമ്മയാണ് ഭാര്യ. 

മക്കൾ: മായ, പ്രിയ, ആമിന (അധ്യാപിക, സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ,  പാലാ).

മരുമക്കൾ: മാത്തുക്കുട്ടി, മണ്ണൂർ (മുത്തോലി), ജെയ്സൺ കറുകപ്പള്ളിൽ (മേലമ്പാറ), ജീഷ് പന്തപ്ലാക്കൽ (അയർക്കുന്നം).
കൊച്ചു മക്കൾ: ഐവാൻ, ഐറിൻ, അലൻ, ആൻ, ലിയ, ലിവിൻ.


കുഞ്ഞ് സാറിൻ്റെ സംസ്കാരം നാളെ (14/01/2026) ബുധനാഴ്ച മൂന്നു മണിക്ക് നീലൂരിലെ തറവാട് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ നടത്തും.

കുഞ്ഞ് സാറിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എം പി മാരായ ജോസ് കെ മാണി, കെ ഫ്രാൻസിസ് ജോർജ്, എം എൽ എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, ബിഷപ്പ് ജേക്കബ് മുരിക്കൻ തുടങ്ങിയവർ അനുശോചിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments