ക്ഷേത്രക്കുളങ്ങളുടെ നവീകരണ വികസന പദ്ധതി: കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ 2.28 കോടി രൂപയുടെ ഭരണാനുമതി ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു
കടുത്തുരുത്തി അസംബ്ലി നിയോജകമണ്ഡലത്തിലെ വിവിധ ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനും, വിവിധ ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള പൊതുവായ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി, 2023-24 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2.28 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കടുത്തുരുത്തി വിഷൻ-2025 പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ക്ഷേത്രക്കുളങ്ങളുടെ സമഗ്ര നവീകരണ പദ്ധതിക്ക്, 2023-24 സംസ്ഥാന ബജറ്റിൽ 20 ശതമാനം തുകയുടെ ബജറ്റ് അലോട്ട്മെന്റ് ലഭ്യമായതിനെത്തുടർന്ന്, ചെറുകിട ജലസേചന ഡിപ്പാർട്ട്മെന്റ് ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിലൂടെയാണ് അനന്തര നടപടികൾ ഉണ്ടായത്. പ്രോജക്റ്റിന് അന്തിമ രൂപം നൽകാൻ നേതൃത്വം നൽകിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ക്ഷേത്രക്കുളം നവീകരണ വികസന പദ്ധതിക്ക് സർക്കാർ അനുമതി നൽകാൻ തയ്യാറായിട്ടുള്ളത്.
പ്രോജക്റ്റിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ച ജലസ്രോതസ്സുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:
ഉഴവൂർ ശാസ്താംകുളം ക്ഷേത്രക്കുളം (40 ലക്ഷം), കടുത്തുരുത്തി കെ.എസ്. പുരം ദേവർദാനം മഹാവിഷ്ണു ക്ഷേത്രക്കുളം (28 ലക്ഷം), മണ്ണക്കനാട് ചിറയിൽ ജല അധിവാസ ഗണപതി ക്ഷേത്രക്കുളം (32 ലക്ഷം), മാഞ്ഞൂർ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രക്കുളം (18 ലക്ഷം), പെരുവ കുന്നപ്പള്ളി വേലിയാങ്കര മഹാവിഷ്ണു ക്ഷേത്രക്കുളം (10 ലക്ഷം), ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം (8 ലക്ഷം), കീഴൂർ ഭഗവതി ക്ഷേത്രക്കുളം (15 ലക്ഷം), മരങ്ങാട്ടുപള്ളി പാലക്കാട്ട്മല നരസിംഹസ്വാമി ക്ഷേത്രക്കുളം (9 ലക്ഷം), ഉഴവൂർ കരിനെച്ചി ദേവി ക്ഷേത്രക്കുളം (15 ലക്ഷം), കുറവിലങ്ങാട് - കളത്തൂർ ചാലപ്പള്ളി തോട് നസ്രത്ത് ഹിൽ - അരുവിക്കൽ ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കടവ് (23 ലക്ഷം), ആയാംകുടി പുതുശ്ശേരിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം (14 ലക്ഷം), മോനിപ്പള്ളി ദേവി ക്ഷേത്രക്കുളം (9 ലക്ഷം), മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് ചിറ്റായിക്കുളം ജലസ്രോതസ്സ് സംരക്ഷണ പദ്ധതി (7 ലക്ഷം).
മുളക്കുളം പഞ്ചായത്തിലുള്ള കാരിക്കോട് ക്ഷേത്രത്തിലും, കടുത്തുരുത്തി വെള്ളാശേരിയിലുള്ള തത്തപ്പള്ളി ക്ഷേത്രത്തിലും ഭക്തജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് എംഎൽഎ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ക്ഷേത്രക്കുളങ്ങളുടെ നവീകരണം ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുകയുണ്ടായി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ ക്ഷേത്രക്കുളങ്ങളുടെയും, ഉപയോഗശൂന്യമായി കിടക്കുന്ന വിവിധ ജലസ്രോതസ്സുകളുടെയും പുനരുദ്ധാരണത്തിന് വേണ്ടി പുതുതായി ഉന്നയിക്കപ്പെടുന്ന വികസന ആവശ്യങ്ങൾ ഉൾപ്പെടുത്തി അടുത്ത ഘട്ടത്തിലേക്കുള്ള പ്രോജക്റ്റിന് രൂപം നൽകുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും പ്രവൃത്തി നടപ്പാക്കുന്നതിന് മുന്നോടിയായി എസ്റ്റിമേറ്റ് പരിശോധന നടത്തുന്നതിനും, സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള ഫയൽ സമർപ്പിക്കുന്നതിനും മൈനർ ഇറിഗേഷൻ കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി എംഎൽഎ വ്യക്തമാക്കി. പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രോജക്റ്റ് ടെൻഡർ ചെയ്യുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും സത്വര നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.





0 Comments