കട്ടച്ചിറ - ചേർപ്പുങ്കൽ ഹൈവേയിൽ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നു - മോൻസ് ജോസഫ് എംഎൽഎ...
* മംഗളാരാമം ജംഗ്ഷന്റെയും ഓൾഡ് റോഡിന്റെയും നവീകരണം പൂർത്തീകരിച്ചു.
* ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ എംഎൽഎ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി; നടപടികൾക്ക് തുടക്കം.
* കിടങ്ങൂർ - ചേർപ്പുങ്കൽ ഹൈവേയിൽ ഓട നിർമ്മാണവും ടൈൽ വിരിക്കലും നടപ്പാക്കുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി, കിടങ്ങൂർ - കുമ്മണ്ണൂർ റോഡ് റീച്ചിലുള്ള മംഗളാരാമം ജംഗ്ഷൻ നവീകരണവും ഓൾഡ് റോഡിന്റെ പുനരുദ്ധാരണവും അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ദീപു തേക്കിൻകാട്ടിലിന്റെ നേതൃത്വത്തിൽ, മംഗളാരാമം ജംഗ്ഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ഒപ്പിട്ടു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പരിഹാര നടപടി സ്വീകരിക്കാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ നേതൃത്വം നൽകിയത്. കൂടാതെ മംഗളാരാമം പബ്ലിക് സ്കൂളിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എംഎൽഎയ്ക്ക് സ്കൂൾ മാനേജരും പി.ടി.എ കമ്മിറ്റിയും ചേർന്ന് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് പരിഹാര നടപടികൾ വേഗത്തിലാക്കിയത്.
ഏറ്റുമാനൂർ - പാലാ സംസ്ഥാന പാതയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കട്ടച്ചിറ മുതൽ ചേർപ്പുങ്കൽ വരെയുള്ള വിവിധ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്നും 30 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ - പാലാ റോഡിൽ മംഗളാരാമം ജംഗ്ഷന് സമീപത്ത് റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ടാറിംഗ് ജോലികൾ പൂർത്തിയാക്കി.
ഏറ്റുമാനൂർ - പൂഞ്ഞാർ റോഡിൽ റോഡ് തകർച്ചയുള്ളിടത്ത് പാച്ച് വർക്ക്, കുമ്മണ്ണൂർ ഭാഗത്ത് ഓട നിർമ്മാണം, ചേർപ്പുങ്കൽ ജംഗ്ഷന് ഇരുവശത്തുമായി വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷാ പ്രവൃത്തികൾ, ഷോൾഡർ പ്രൊട്ടക്ഷൻ കോൺക്രീറ്റ് വർക്ക് എന്നിവ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കട്ടച്ചിറ മുതൽ ചേർപ്പുങ്കൽ വരെയുള്ള ഹൈവേ റോഡിന്റെ പല ഭാഗങ്ങളും സൈഡ് ഇടിഞ്ഞ് അപകടാവസ്ഥ നിലനിൽക്കുന്ന സാഹചര്യം കടുത്തുരുത്തി നിയോജകമണ്ഡലം വികസന യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ നിർദ്ദേശിച്ച പ്രകാരം കട്ടച്ചിറയ്ക്കും കിടങ്ങൂരിനുമിടയിലുള്ള റോഡ് ഷോൾഡർ ഇന്റർലോക്ക് ടൈൽ വിരിച്ച് ബലപ്പെടുത്തും. കിടങ്ങൂർ മുതൽ ചേർപ്പുങ്കൽ വരെയുള്ള റോഡ് ഭാഗങ്ങളിൽ മംഗളാരാമം ജംഗ്ഷന് സമീപം, കുമ്മണ്ണൂർ കയറ്റം, ചേർപ്പുങ്കൽ ജംഗ്ഷന് സമീപം എന്നിവിടങ്ങളിലും റോഡ് സുരക്ഷാ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈവേ റോഡിൽ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള കോൺക്രീറ്റ് ഓട നിർമ്മാണം ഉടനെ പൂർത്തിയാക്കും.
ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സർക്കാർ സഹകരണത്തോടെ ഭൂമി ഏറ്റെടുക്കുന്നതിനും, വിസ്തൃതമായ സ്ഥലസൗകര്യം ഭാവിയിൽ ഉറപ്പാക്കി ജംഗ്ഷൻ വികസനം യാഥാർഥ്യമാക്കുന്നതിനുമുള്ള നടപടികൾക്ക് തുടക്കമിട്ടതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ജംഗ്ഷൻ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ സർക്കാരിലേക്ക് നിവേദനം സമർപ്പിക്കും. ഇപ്പോൾ ആരംഭിക്കാൻ പോകുന്ന നിയമസഭാ സമ്മേളന കാലയളവിൽ റവന്യൂ - പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്ക് ഇത് സംബന്ധിച്ച നിവേദനവും പ്രൊജക്റ്റ് റിപ്പോർട്ടും നൽകും.
അടിയന്തര പരിഹാര നടപടി എന്ന നിലയിൽ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകാൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് കീഴിലുള്ള ഇലക്ട്രോണിക്സ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായും മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.




0 Comments