77 കാരിക്ക് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെച്ച് മാർ സ്ലീവാ മെഡിസിറ്റി
ഗുരുതരമായ അയോർട്ടിക് സ്റ്റെനോസിസ് ഹൃദ്രോഗം ബാധിച്ച 77കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്‍റേഷൻ (ടാവി) വിജയകരമായി നടത്തി.അമയന്നൂർ സ്വദേശിനിയായ 77 കാരിക്കാണ് ഏറെ സങ്കീർണ്ണമായ ചികിത്സ നടത്തി ആശുപത്രിയിലെ ഉന്നത നിലവാരത്തിലുള്ള കാർഡിയാക് സയൻസസ് വിഭാഗം ഹൃദ്രോഗ ചികിത്സയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ആശുപത്രിയിലെ കാർഡിയോളജി, കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ.
ഗുരുതര ശ്വാസംമുട്ടൽ, ക്ഷീണം എന്നിവയെ തുടർന്നാണ് 77 കാരി മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് അയോർട്ടിക് വാൽവിന്റെ ഗുരുതരമായ ചുരുങ്ങൽ കണ്ടെത്തിയത്. സാധാരണ നിലയിലുള്ള ഓപ്പൺ-ഹാർട്ട് ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ആരോഗ്യനില അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ടാവി ചികിത്സയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു.
കാലിലെ രക്തധമനിയിൽ വളരെ ചെറിയൊരു മുറിവ് വഴിയായിരുന്നു ടാവി ചികിത്സ നടത്തിയത്. പുതിയ വാൽവ് വിജയകരമായി സ്ഥാപിച്ചതോടെ അത് ഉടൻ പ്രവർത്തനം ആരംഭിച്ചു. രോഗി വളരെ വേഗത്തിൽ സുഖം പ്രാപിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഐസിയുവിൽ നിന്ന് മാറ്റുകയും ചെയ്തു. വലിയ മുറിവുകൾ ഇല്ലാത്ത ചികിത്സ ആയതിനാൽ പെട്ടന്ന് തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു .കൂടാതെ ഡിസ്ചാർജ് ആകുമ്പോൾ തന്നെ രോഗിക്ക് പരസഹായം ഇല്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
മുതിർന്ന രോഗികൾക്ക് ടാവി കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ പരിഹാരമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.രാജീവ് ഏബ്രഹാം പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ രാംദാസ് നായിക്, സീനിയർ കൺസൾട്ടന്റുമാരായ ഡോ.ജെയിംസ് തോമസ്, ഡോ.ബിബി ചാക്കോ ഒളരി, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
രോഗിയുടെ കുടുംബാംഗങ്ങൾ ആശുപത്രി അധികൃതർക്കും ചികിത്സാ സംഘത്തിനും നന്ദി അറിയിച്ചു. വിജയകരമായ ചികിത്സയയിലൂടെ തങ്ങളുടെ അമ്മയ്ക്ക് പുതുജീവൻ ലഭിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.





0 Comments