തൊടുപുഴ സെന്റ് മേരീസ് പള്ളിയിലെ മണി മുഴക്കാന്‍ ഇനി നാസറില്ല

  

മതസൗഹാര്‍ദ്ദത്തിന്റെ പുതുചരിത്രം രചിച്ച് 30 വര്‍ഷത്തിലേറെ തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിചാരകനായിരുന്ന കാരിക്കോട് കിഴക്കുംപറമ്പില്‍ നാസര്‍ ഹമീദ് (60) ഓര്‍മ്മയായി. 6ന് ഉച്ചയ്ക്ക് 12ന് പെരുന്നാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണപ്പോള്‍ വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. 3 പതിറ്റാണ്ടിലാറേയൊയി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള ക്രിസ്ത്യന്‍ പള്ളിയിലെ ഏക ജീവനക്കാരനായിരുന്നു നാസര്‍. പുലര്‍ച്ചെ 5ന് പള്ളിയിലെത്തി വിളക്ക് കൊളുത്തി പള്ളി മണിയടിച്ചായിരുന്നു നാസറിന്റെ ഒരു ദിനം ആരംഭിക്കുന്നത്. 


പള്ളിയും പരിസരവും വൃത്തിയാക്കുന്നതടക്കമുള്ള എല്ലാ ജോലിയും കഴിഞ്ഞ്് 6.15നുള്ള പള്ളി മണിയുമടിച്ച് ഗേറ്റും പൂട്ടിയേ നാസര്‍ മടങ്ങൂ. ക്രിസ്തുമസ് വന്നാലും ഈസ്റ്റര്‍ വന്നാലും എല്ലാം ഭംഗിയാക്കാന്‍ ഇടവകക്കാര്‍ക്ക് ഈ അറുപതുകാരന്‍ വേണമായിരുന്നു. ആദ്യം തൊടുപുഴ മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടമായിരുന്നു നാസറിന്. മാര്‍ക്കറ്റിനുള്ളിലെ ചെറിയ കുരിശുപള്ളി വൃത്തിയാക്കി തുടങ്ങിയതാണ് ഈ ആത്മബന്ധം. പിന്നീട് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള പള്ളി പുതുക്കി പണിതപ്പോള്‍ ജോലിക്കാരനായി കൂടി.


 ജോലിയിലെ ആത്മാര്‍ത്ഥതയും പരിശ്രമവും കണ്ട് ഇഷ്ടപ്പെട്ട വികാരിയച്ചനും പള്ളികമ്മിറ്റിക്കാരും നാസറിനെ ആദ്യം പള്ളിയിലെ ജീവനക്കാരനാക്കി. പള്ളിയിലെ കല്‍വിളക്ക്, ഹാള്‍, സെമിത്തേരി തുടങ്ങിയ എല്ലാം വൃത്തിയാക്കുന്നതടക്കം എല്ലാ ജോലിയും ചെയ്യും. ഇടവകയില്‍ മരണമുണ്ടായാലും കല്യാണമുണ്ടായാലും മുഴുവന്‍ സമയവും നാസറുണ്ടാകും. 



ഞായര്‍ ദിവസം കുര്‍ബാനയ്ക്ക് ശേഷം പള്ളിയിലെത്തുന്ന വേദപാഠക്ലാസിലെ കുട്ടികളടക്കം ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതും നാസര്‍ ഒറ്റയ്ക്കായിരുന്നു. ഇടവകക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പള്ളിയില്‍ ഒരുക്കുമ്പോഴും തന്റെ വിശ്വാസവും മുറുകെ പിടിക്കുന്നയാളായിരുന്നു. അഞ്ച് നേരവും നിസ്‌കരിക്കുന്ന എല്ലാ നോമ്പുമെടുക്കുന്ന ഇസ്ലാംമത വിശ്വാസിയായിരുന്നു. ഷാഹിനയാണ് നാസറിന്റെ ഭാര്യ. ബാദുഷ, ബാസിം, ബീമാ എന്നിവര്‍ മക്കളാണ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments