തലനാട് ഗ്രാമം ആര്‍പ്പുവിളിച്ചു; താളം തുള്ളി, കാവടിയാടി... തലനാട് ശ്രീജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവ ഭാഗമായി ഇന്നലെ രാവിലെ നടന്ന കാവടിഘോഷയാത്ര നാടിന്റെ ഉത്സവമായി......
സ്വന്തം ലേഖകൻ
ജാതി-മതഭേദമന്യെ ആയിരങ്ങളാണ് തലനാട് ക്ഷേത്രത്തിലെ കാവടിഘോഷയാത്രയില്‍ അണിചേര്‍ന്നത്.
തിരുവാതിര ആറാട്ടുത്സവഭാഗമായി ഗുരുപുരം ജംഗ്ഷനില്‍ നിന്ന് രാവിലെ 10 മണിയോടെ ആരംഭിച്ച കാവടിഘോഷയാത്രയ്ക്ക് ശിങ്കാരിമേളമുള്‍പ്പെടെയുള്ള താളമേളങ്ങളും അലങ്കാരകുടകളും ആര്‍പ്പുവിളികളും കാവടിയാട്ടവുമൊക്കെ നിറച്ചാര്‍ത്തേകി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുകളിലേറി തലനാട്ടപ്പന്‍ ഗ്രാമവീഥിയിലൂടെ ഭക്തജനങ്ങളുടെ ആര്‍പ്പുവിളി അകമ്പടിയാക്കി എഴുന്നള്ളി. വഴിക്കിരുപുറവും നിലവിളക്കുകളും എരിയുന്ന ചന്ദനത്തിരികളും പൂമാലകളുമൊക്കെ ചാര്‍ത്തി തലനാട്ടപ്പനെ ഭക്തര്‍ വരവേറ്റു.
വീഡിയോ ഇവിടെ കാണാം 👇👇👇
കാവടിഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം കാവടിയഭിഷേകവും തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടന്നു. വൈകിട്ട് 5ന് ആറാട്ട് പുറപ്പാടും തുടര്‍ന്ന് ആറാട്ടെതിരേല്പും നടന്നു. വനിതകളുടെ മെഗാതിരുവാതിര, വലിയകാണിക്ക, രാത്രി വടക്കുപുറത്ത് വലിയഗുരുതി, കൊടിയിറക്കല്‍, കലശാഭിഷേകം, മംഗളപൂജ, പ്രസാദമൂട്ട് എന്നിവയുമുണ്ടായിരുന്നു.
പറവൂര്‍ രാകേഷ് തന്ത്രികള്‍, മേല്‍ശാന്തി സനീഷ് മുരളീധരന്‍, മണിക്കുട്ടന്‍ ശാന്തി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സോളി ഷാജി, ജ്യോതിസ് റ്റി., എ.എം. മോഹനന്‍, കെ.ആര്‍. ഷാജി, വി.ബി. രാജേഷ്, എ.ആര്‍. ലെനിന്‍മോന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






0 Comments