വിവാഹത്തിലെ പതിവ് ചടങ്ങുകളില്ല. എന്നുമാത്രവുമല്ല, വിവാഹ ചടങ്ങിൽ പ്രധാന പങ്കാളിയായി ഭരണഘടനയും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ശീതളും അയിലൂർ സ്വദേശിയായ ജിതിനും തമ്മിലുള്ള വിവാഹമാണ് താലിയും മോതിരവും പുടവയും ഒഴിവാക്കി നടന്നത്. പകരം ഇരുവരും രാജ്യത്തിന്റെ ഭരണഘടന കൈമാറിയാണ് വിവാഹിതരായത്.
നെന്മാറ സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന ചടങ്ങിൽ ശീതളും ജിതിനും ഒരേസ്വരത്തിൽ പ്രതിജ്ഞ ചൊല്ലി. വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യജീവിതം ആരംഭിക്കുന്നുവെന്ന പ്രഖ്യാപനമാണ് ഇരുവരും നടത്തിയത്.
‘നമ്മൾ ഇന്ത്യയിലെ രണ്ടു പൗരർ എന്ന നിലയിൽ, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
’- ഇതായിരുന്നു പ്രതിജ്ഞ.
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ശീതൾ ഭരണഘടനാസാക്ഷരത രംഗത്ത് പ്രവർത്തിക്കുന്ന ‘കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ’ എന്ന സംഘടനയുടെ പ്രവർത്തകയാണ്. പാലക്കാട് തേങ്കുറുശ്ശിയിലെ വില്ലേജ് അസിസ്റ്റന്റാണ് ജിതിൻ. ബന്ധുക്കൾക്കൊപ്പം ഭരണഘടനയും സാക്ഷിയായ ഈ വിവാഹം, ഭരണഘടനാ മൂല്യങ്ങൾ സമൂഹത്തിലേക്ക് എത്തിക്കണമെന്ന അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമായി.





0 Comments