കോണ്‍ഗ്രസ് നേതൃത്വത്തിനും എഐസിസി ഭാരവാഹികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഡിസിസി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അടിമാലി സ്വദേശി അനൂപ് കോച്ചേരിക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പി. കുര്യാക്കോസാണ് പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടപടിയിലേക്ക് നയിച്ചത്. അടിമാലി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ പണം വാങ്ങിയെന്ന ഗുരുതരമായ ആരോപണം അനൂപ് കോച്ചേരി പരസ്യമായി ഉന്നയിച്ചിരുന്നു.
അടിമാലി ഡിവിഷനില്‍ ടി.എസ്. സിദ്ദിഖ്, മുന്‍ എസ്എന്‍ഡിപി നേതാവ് അനില്‍ തറനിലം എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. അനില്‍ തറനിലത്തിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ‘പണം വാങ്ങി സീറ്റ് വില്‍ക്കുന്നു’ എന്നാരോപിച്ച് അനൂപ് സോഷ്യല്‍ മീഡിയയിലും ചാനലുകളിലും രംഗത്തെത്തി.
അടിമാലി ടൗണില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി ഒടുവില്‍ ടി.എസ്. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. പാര്‍ട്ടി വേദികളില്‍ പരാതി ഉന്നയിക്കുന്നതിന് പകരം ഉന്നത നേതാക്കളെ പൊതുമധ്യത്തില്‍ അധിക്ഷേപിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള പുറത്താക്കല്‍.





0 Comments