കേരളോത്സവം കോട്ടയം ജില്ല മത്സരത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം അഭിരാമി തങ്കച്ചന്
പാല കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കോട്ടയം ജില്ലാതല മത്സരത്തിൽ ലളിതഗാന വിഭാഗത്തിൽ പിഴക് സ്വദേശിയായ അഭിരാമി തങ്കച്ചൻ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായിരിക്കുകയാണ്. പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പാലാ മ്യൂസിക് ക്ലബ്ബിലൂടെ സംഗീതരംഗത്ത് ആദ്യ ചുവടുവച്ച അഭിരാമി, ശാസ്ത്രീയ സംഗീതപരിശീലനം ഇല്ലാതിരുന്നിട്ടും സ്വാഭാവികമായ ശബ്ദമാധുര്യവും വികാരസമ്പന്നമായ അവതരണശൈലിയും കൊണ്ട് വിധികർത്താക്കളെയും സദസ്സിനെയും ഒരുപോലെ ആകർഷിച്ചു.
മാനത്തൂർ സ്വദേശികളായ തങ്കച്ചന്റെയും ജൂലിയുടെയും മകളായ അഭിരാമി തങ്കച്ചൻ സംഗീതം കുടുംബത്തിലാണ് വളർന്നത്. അച്ഛൻ തന്നെ പാട്ടുകാരനായതിനാൽ ബാല്യകാലം മുതലേ സംഗീതം അഭിരാമിയുടെ ശ്വാസമായി മാറിയിരുന്നു. സഹോദരൻ അഭിജിത്ത് തങ്കച്ചൻ ചലിചിത്ര പിന്നണി ഗായകനാണ്. അഭിരാമിയുടെ സംഗീതയാത്രയ്ക്ക് സഹോദരന്റെ പിന്തുണതുണയുണ്ട്.
ബി.എ. സോഷ്യോളജി ബിരുദം നല്ല മാർക്കോടെ വിജയിച്ച അഭിരാമി, നിലവിൽ എൽ.എൽ.ബി പ്രവേശനപരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻട്രൻസ് പരീക്ഷാ പഠനത്തിന്റെ തിരക്കുകൾക്കിടയിലും സംസ്ഥാന കേരളോത്സവ വേദിയിൽ വിജയിയാകുവാനുള്ള ലക്ഷ്യത്തോടെ സമയം കണ്ടെത്തി സജീവമായി പരിശീലനം തുടരുകയാണ് എന്നത് ശ്രദ്ധേയമാണ്.
പഠനത്തോടൊപ്പം കലയും കൈവിടാതെ ആത്മാർത്ഥമായി മുന്നോട്ടുകൊണ്ടുപോകുന്ന അഭിരാമിയുടെ ഈ നേട്ടം യുവതലമുറയ്ക്ക് ശക്തമായ പ്രചോദനമായി മാറുന്നു.
തുടക്കഗായികയായ അഭിരാമിക്ക് കേരളോത്സവ വേദിയിൽ ഇത് ആദ്യ അനുഭവമാണ്. കേരളോത്സവത്തിൽ ആദ്യമായാണ് അഭിരാമി പങ്കെടുത്തതും ആദ്യമായിട്ടുതന്നെ സമ്മാനം കരസ്ഥമാക്കിയതും കലാപ്രതിഭയുടെ തെളിവായി മാറിയിരിക്കുകയാണ്.
ഈ വിജയം പാലാ മ്യൂസിക് ക്ലബ്ബിനും പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിനും മാനത്തൂർ പ്രദേശവാസികൾക്കും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ അറിയിച്ചു.
കേരളോത്സവം ജില്ലാതല മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നാളെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പൊതുസദസ്സിൽ വച്ച് അഭിരാമി തങ്കച്ചൻ ഏറ്റുവാങ്ങും.



0 Comments