എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെയുള്ള മലനിരകളില്‍ ട്രെക്കിംഗിന് എത്തുന്ന വിനോദസഞ്ചാരികളെ വ്യാജ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ കബളിപ്പിച്ച് കോടികളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. സംഭവത്തില്‍ ട്രെക്കിംഗ് ഏജന്‍സികള്‍, ഹെലികോപ്റ്റര്‍ കമ്പനികള്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട 32 പേര്‍ക്കെതിരെ നേപ്പാള്‍ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. ഏകദേശം 20 ദശലക്ഷം ഡോളറിന്റെ (ഏകദേശം 165 കോടി രൂപ) തട്ടിപ്പാണ് നടന്നതെന്ന് പോലീസ് വ്യാഴാഴ്ച അറിയിച്ചു. അതിഭീകരമായ രീതികളാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പ്രതികള്‍ പ്രയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സഞ്ചാരികളെ രോഗികളാക്കാന്‍ ഗൈഡുകള്‍ ഭക്ഷണത്തില്‍ 'ബേക്കിംഗ് സോഡ' കലര്‍ത്തുകയോ മലിനമായ ഭക്ഷണം നല്‍കുകയോ ചെയ്തിരുന്നു. ഇത് വഴി അവശരാകുന്ന സഞ്ചാരികളെ അടിയന്തരമായി ഹെലികോപ്റ്ററില്‍ മാറ്റണമെന്ന് വിശ്വസിപ്പിക്കും. ചെറിയ അസുഖങ്ങള്‍ മാത്രമുള്ളവരെപ്പോലും നിര്‍ബന്ധിച്ച് ഹെലികോപ്റ്റര്‍ വഴി താഴെ എത്തിക്കും. ഒരു രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ ഒന്നിലധികം ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഉപയോഗിച്ചതായി കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യാജ ബില്ലുകള്‍ നല്‍കും. സ്വകാര്യ ആശുപത്രികള്‍ ഇതിനായി ചികിത്സാ ചെലവ് പെരുപ്പിച്ചു കാട്ടുന്ന രേഖകളും തയ്യാറാക്കി നല്‍കിയിരുന്നു. മൂന്ന് മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ കണ്ടെത്തിയത്.
കുറ്റപത്രത്തില്‍ പേരുള്ള 32 പേരില്‍ 10 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018-ല്‍ സമാനമായ തട്ടിപ്പ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നെങ്കിലും അന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് സംഘത്തിന് തഴച്ചുവളരാന്‍ അവസരമൊരുക്കിയതെന്ന് സി.ഐ.ബി ചീഫ് മനോജ് കുമാര്‍ കെ.സി പറഞ്ഞു. നേപ്പാളിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖലയ്ക്ക് ഈ തട്ടിപ്പ് വലിയ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിനോടകം തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷയും വിശ്വാസ്യതയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ നേപ്പാള്‍ സര്‍ക്കാര്‍.



0 Comments