കുമരകം കോണത്താറ്റ് പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവ് പിന്നാലെ എത്തിയ ടാങ്കർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസോ ഷോപ്പ് മാനേജരുമായിരുന്ന നവീൻ (32) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്നു യുവാക്കൾക്ക് പരുക്കേറ്റു.
അപകടത്തിൽ മരിച്ചയാളെയും പരുക്കേറ്റവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴച പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം കുമരകം കോണത്താറ്റ് പാലത്തിലായിരുന്നു അപകടം. കുമരകത്തെ തീയറ്ററിൽ സിനിമയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായി എത്തിയ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു അപകട വിവരം അറിഞ്ഞ് കുമരകം പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



0 Comments