ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള (സ്റ്റേജ് ക്യാരേജുകള്‍) അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവര്‍ക്കെതിരേ ഉടന്‍ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് ഉത്തരവിറക്കാനാവാതെ വന്നതാണ് വാഹന ഉടമകള്‍ക്ക് സഹായകമായത്. ഇനി പുതിയ സര്‍ക്കാര്‍ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തല്‍സ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.
സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഏത് തരത്തിലുള്ള ക്യാമറയാണ് വേണ്ടതെന്ന നിര്‍ദേശം വരുംമുമ്പേ പലരും ക്യാമറകള്‍ സ്ഥാപിച്ചു. ചിലര്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയും ക്യാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്ന്, ഇതുമാറ്റാന്‍ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. എആര്‍എഐ, ഐസിഎടി, സിഐആര്‍ടി എന്നീ ഏജന്‍സികളുടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് അനുമതിയുള്ളത്.
ഫിറ്റ്‌നസ് ലഭിക്കുന്നതിനുള്‍പ്പെടെ ഈ ക്യാമറകള്‍ പരിഗണിക്കുമെന്നതിനാല്‍ മാര്‍ച്ച് 31നകം ഇവ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നിലവില്‍ സ്ഥാപിച്ചവ മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന് കാണിച്ച് ഒരു ഉടമ കോടതിയെ സമീപിക്കയും ചെയ്തിരുന്നു. കോടതി നിര്‍ദേശം വന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തുടര്‍ തീരുമാനങ്ങളെടുത്ത് ഉത്തരവിറക്കാനായില്ല. ഇനി ഉത്തരവ് വരുംവരെ തല്‍സ്ഥിതി തുടരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.



0 Comments