പ്രിയപ്പെട്ട മേനാംപറമ്പിൽ അലക്സ് ചേട്ടൻ ......
വാർത്തകളുടെ അപൂർവ ഉറവിടം വിടവാങ്ങുമ്പോൾ
സുനിൽ പാലാ
(റിപ്പോർട്ടർ , കേരളകൗമുദി)
ഒരു പത്രപ്രവർത്തകന്റെ ജീവിതത്തിൽ ചില മനുഷ്യർ വാർത്തകൾ മാത്രം തരുന്നവരല്ല; വാർത്തയുടെ മണം തിരിച്ചറിയാൻ പഠിപ്പിക്കുന്നവരുമാണ്. അങ്ങനെ എന്റെ പത്രപ്രവർത്തന യാത്രയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന പേരാണ് ഇന്നലെ രാത്രി അന്തരിച്ച പ്രിയപ്പെട്ട മേനാപറമ്പിൽ അലക്സ് ചേട്ടൻ്റേത് .
ഇന്ന് അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അദ്ദേഹം എനിക്ക് സമ്മാനിച്ച എക്സ്ക്ലൂസീവ് വാർത്തകളാണ്. എണ്ണിയാൽ അമ്പതിൽപരം വാർത്തകൾ.
അതിൽ പലതും പത്രത്തിന്റെ മുൻ പേജിലും ജനറൽ പേജിലും ഇടം നേടിയവയും വലിയ ചർച്ചകൾക്ക് വഴിവെച്ചവയുമാണ്.
കാട്ടു കൊള്ളക്കാരൻ വീരപ്പൻ്റെ നാട്ടിലെ മലയാളി വൈദികന്റെ കഥ ഇന്നും മനസ്സിലുണ്ട്.
പിന്നീട് മനസ്സിലായത് ആ വൈദികൻ അലക്സ് ചേട്ടൻ്റെ സ്വന്തം ജ്യേഷ്ഠസഹോദരനായിരുന്നു എന്നതാണ്.
ആ വാർത്തയുടെ പിന്നിലെ വിശ്വാസ്യതയും ആത്മാർത്ഥതയും അലക്സ് ചേട്ടന്റെ വ്യക്തിത്വത്തെ കൂടുതൽ തെളിയിച്ചു.
ഇടമറ്റത്തെ ഒരു സ്കൂളിൽ മുപ്പത് വയസ്സുകാരൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നുവെന്ന വാർത്ത 25 വർഷം മുമ്പ് മാതൃഭൂമിയിൽ ഞാനെഴുതിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ആ വാർത്തയുടെ തുടക്കം മുതൽ അതിന്റെ പ്രത്യേകത മനസ്സിലാക്കി എന്നിലേക്ക് എത്തിച്ചത് അലക്സ് ചേട്ടനായിരുന്നു.
ആസാമിലെ ഭീകരരുമായി ചർച്ച നടത്താൻ ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിലിനെ സർക്കാർ നിയോഗിച്ച വാർത്തയും അദ്ദേഹത്തിലൂടെ വന്നാണ് ഞാൻ പത്രത്തിലെഴുതിയത് . പിന്നീട് കടപ്പാട്ടൂരിൽ ആർച്ച് ബിഷപ്പ് ദർശനത്തിന് എത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം കൃത്യമായി പങ്കുവെച്ചു. ഓരോ വാർത്തയ്ക്കും പിന്നിൽ അദ്ദേഹം കാണിച്ച ജാഗ്രതയും കൃത്യതയും എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു.
വാർത്തകൾ എനിക്ക് കൈമാറിയിരുന്ന ഒരാളെന്നതിനപ്പുറം പലതവണ അലക്സ് ചേട്ടൻ തന്നെ വാർത്തയ്ക്ക് ഇടയായിട്ടുമുണ്ട്. ശ്രീനാരായണഗുരുദേവനോടുള്ള അദ്ദേഹത്തിന്റെ അത്ഭുതകരമായ മുഖസാദൃശ്യം ചിത്രം സഹിതം "കേരള കൗമുദി " യിൽ വാർത്തയാക്കിയ ദിനം ഇന്നും ഓർമ്മയിലുണ്ട്. ആ വാർത്ത വായനക്കാർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. ചിലപ്പോൾ മറ്റു പത്രങ്ങൾക്ക് കൊടുക്കേണ്ട വാർത്ത പോലും "ഇത് സാറൊന്ന് എഴുതി തരണം" എന്ന് പറഞ്ഞ് എന്നെക്കൊണ്ട് എഴുതിച്ച സംഭവങ്ങളും ഈ നിമിഷത്തിൽ മനസ്സിലേക്ക് വരുന്നു. അത് ഒരു വാർത്താസ്രോതസ്സിന്റെ വിശ്വാസം മാത്രമായിരുന്നില്ല; ഒരു പത്രപ്രവർത്തകനിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയായിരുന്നു.
അലക്സ് ചേട്ടൻ ഒരിക്കലും വെറുതെ ഒരു വിവരം പറയുന്ന ആളായിരുന്നില്ല. വാർത്തയുടെ മൂല്യം തിരിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം വിളിക്കാറുള്ളത് ;
"ഇത് നോക്കിക്കോ... നല്ല വാർത്തയാണ്" എന്ന ആ വാക്കുകൾ പലപ്പോഴും എന്റെ നോട്ട് ബുക്കിലേക്കും പിന്നീട് പത്രത്തിന്റെ പ്രധാന താളുകളിലേക്കും വഴിതുറന്നിട്ടുണ്ട്.
നല്ല വാർത്തകൾ പത്രത്തിൽ മികച്ച ഡിസ്പ്ലേയിൽ വന്നാൽ അത് കാണുന്ന സന്തോഷം അദ്ദേഹത്തിന്റേതായിരുന്നു. വാർത്ത എന്റെ പേരിൽ പ്രസിദ്ധീകരിച്ചതിന്റെ സന്തോഷത്തേക്കാൾ, അത് വായനക്കാരിലേക്ക് മനോഹരമായി എത്തിപ്പെട്ടതിലുള്ള ആഹ്ലാദമാണ് അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞിരുന്നത്.
വാർത്തകൾക്കപ്പുറം ഞങ്ങളുടെ സൗഹൃദത്തിനും ഒരു പ്രത്യേക ചൂടുണ്ടായിരുന്നു. വീട്ടിൽ സ്വയം മുന്തിരി വൈൻ ഉണ്ടാക്കുമ്പോൾ അതിലെ ഒരു ഓഹരി എനിക്കും അവകാശപ്പെട്ടതായിരുന്നു. അത് മറക്കാതെ കൃത്യമായി ഓഫീസിൽ എത്തിച്ചുതരുന്ന സ്നേഹമാണ് അലക്സ് ചേട്ടൻ കാത്തുസൂക്ഷിച്ചിരുന്നത്. ചെറിയ കാര്യങ്ങളിലൂടെ പോലും ബന്ധങ്ങളെ വിലമതിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
മറ്റൊരു കാര്യം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. പ്രായത്തിൽ അദ്ദേഹത്തേക്കാൾ വളരെ ജൂനിയറായ എന്നെപ്പോലുള്ള എല്ലാ മാധ്യമപ്രവർത്തകരെയും അദ്ദേഹം എന്നും "സാർ" എന്ന അഭിസംബോധനയോടെയാണ് വിളിച്ചിരുന്നത്. അത് ഒരു ഔപചാരികതയല്ലായിരുന്നു; ഓരോരുത്തരുടെയും തൊഴിലിനോടും വ്യക്തിത്വത്തോടും അദ്ദേഹം പുലർത്തിയ ബഹുമാനത്തിന്റെ ഭാഷയായിരുന്നു ആ "സാർ" വിളി.
ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം നല്ല വാർത്താ സ്രോതസ്സ് ഒരു സമ്പത്താണ്. എന്നാൽ അലക്സ് ചേട്ടൻ അതിലുപരിയായിരുന്നു. വിശ്വാസവും ആത്മാർത്ഥതയും സൗഹൃദവും പരസ്പര ബഹുമാനവും ചേർന്ന ഒരു അപൂർവ കൂട്ടുകാരൻ.
ഇന്ന് ഈ നിമിഷത്തിൽ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുകയാണ്. എന്റെ പത്രപ്രവർത്തന ജീവിതത്തിലെ നിരവധി നല്ല വാർത്തകളുടെ പിന്നിൽ അദ്ദേഹത്തിന്റെ നിശബ്ദ സാന്നിധ്യമുണ്ട്. വാർത്തകളിലൂടെ സമൂഹത്തെ അറിയിക്കാനുള്ള എന്റെ യാത്രയിൽ അലക്സ് ചേട്ടൻ നൽകിയ പിന്തുണയും വിശ്വാസവും എന്നും മറക്കാനാകാത്തതാണ്.
ചില മനുഷ്യർ വാർത്തകളിൽ നിറയാറില്ല; എന്നാൽ അവർ നൽകിയ വാർത്തകളിലൂടെയും അവർ തന്നെ വാർത്തയായി മാറിയ നിമിഷങ്ങളിലൂടെയും അവർ എന്നും ഓർമകളിൽ ജീവിക്കും. എനിക്ക് അലക്സ് ചേട്ടൻ അത്തരമൊരു മനുഷ്യനാണ്.....
ഒടുവിൽ മൂന്നാഴ്ച മുമ്പ് വെള്ളപ്പൊക്ക ദിവസമാണ് ഫോൺ ചെയ്തത് .... പതിവു പോലെ കൊച്ചു മക്കളെ വെള്ളം കയറിക്കിടന്ന റോഡിൽ കളിക്കാൻ വിട്ട ശേഷം വീഡിയോ എടുത്ത് എനിക്ക് അയച്ച ശേഷമുള്ള വിളി.....
"റോഡിൽ മാത്രമല്ലല്ലോ അലക്സ് ചേട്ടൻ്റെ ഉള്ളിലും അൽപ്പം "വെള്ള"മുണ്ടല്ലോ, ...... " ഫോണിലെ സംസാര രീതി കേട്ടപ്പോൾ ഞാനൊന്നു കളിയാക്കി .....
"ഇത്തിരി കാണുമെന്ന് കൂട്ടിക്കോ..... നിങ്ങള് വരുന്നുണ്ടോ " - അലക്‌സ് ചേട്ടൻ്റെ മറുപടി ഒഴുകിയെത്തി ..... പിന്നെ കേട്ടു ആശുപത്രിയിലാണെന്ന് ....
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ഇംഗ്ലീഷിൽ വെള്ള പേപ്പറിൽ എഴുതിയ കുറിപ്പാണ് പിന്നീട് വാട്സപ്പിൽ വന്നത് ; ഉടൻ ഞാൻ തിരികെ വിളിച്ചു ..... മറുപടി ഉണ്ടായില്ല .....
ഇനി ഒരിക്കലും ആ വിളി ഉണ്ടാവില്ല ;
" സാർ , ഒരു എക്സ് ക്ലൂസീവ് ഐറ്റം തരാം .... ചെലവ് ചെയ്യണം .... !!! " അലക്സ് ചേട്ടൻ യാത്ര പറയുകയാണ്; ഉണരാത്ത ഉറക്കത്തിനായി ..... പ്രിയപ്പെട്ട അലക്സ് ചേട്ടാ വിട..... ഓർമ്മകൾക്ക് പക്ഷേ ഒരിക്കലും മരണമില്ല🙏🙏🙏
70 12 23 03 34




0 Comments