കരിമ്പാറകളിലൂടെ തുള്ളിത്തെറിച്ച് വെള്ളിനുരകള്‍ വിരിയിച്ച് പതഞ്ഞൊഴുകുന്ന ഒരു കൊച്ചുതോട്. തിരമാലകള്‍ തീര്‍ത്ത സംഗീതം പോലെ നെച്ചിപ്പുഴൂര്‍ ഗ്രാമത്തെ പ്രകൃതിയുടെ ഉത്സവവേദിയാക്കുകയാണ് ഇളപൊഴുത് തോട് എന്ന മനോഹരി.




സുനില്‍ പാലാ

കരിമ്പാറകളിലൂടെ തുള്ളിത്തെറിച്ച് വെള്ളിനുരകള്‍ വിരിയിച്ച് പതഞ്ഞൊഴുകുന്ന ഒരു കൊച്ചുതോട്. തിരമാലകള്‍ തീര്‍ത്ത സംഗീതം പോലെ നെച്ചിപ്പുഴൂര്‍ ഗ്രാമത്തെ പ്രകൃതിയുടെ ഉത്സവവേദിയാക്കുകയാണ് ഇളപൊഴുത് തോട് എന്ന മനോഹരി.

വനജീവിതത്തിന്റെ പൊരുളായ ഇളപൊഴുത് പതി ക്ഷേത്രത്തെ അതിരിട്ടൊഴുകുന്ന ഇളപൊഴുത് തോട് വര്‍ഷകാലത്ത് കണ്ണിന് ആനന്ദമാണ്.  കാടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന തണുത്ത ജലം, പച്ചപ്പാര്‍ന്ന കരകളെയും കുനിഞ്ഞുനില്‍ക്കുന്ന മരച്ചില്ലുകളെയും തഴുകി മുന്നേറുമ്പോള്‍ ജനിക്കുന്ന വെള്ള നുരകള്‍ വെണ്‍മുത്തുകള്‍ പോലെ കാഴ്ചയ്ക്ക് അലങ്കാരമാകുകയാണ്. പാറകളില്‍ തട്ടിത്തെറിക്കുന്ന ഈ മനോഹര പ്രവാഹം സൃഷ്ടിക്കുന്ന ശബ്ദം ഗ്രാമപ്രഭാതത്തെ ഉണര്‍ത്തുന്ന പ്രകൃതിഗാനമായി മാറുന്നു.  
കരൂര്‍ ഗ്രാമപഞ്ചായത്തിലെ നെച്ചിപ്പുഴുര്‍ ഇളപൊഴുത് തോട് വര്‍ഷകാലത്ത് കാണാനും, പതഞ്ഞ് നുരയിടുന്ന വെള്ളക്കുമിളകളെ കോരിയെടുക്കാനും ഇപ്പോള്‍ നാട്ടുകാരാണ് വരുന്നതെങ്കിലും അനതി വിദൂരഭാവിയില്‍ വിനോദ സഞ്ചാരികളുടെ നീരൊഴുക്കാകാനും സാധ്യതയേറെയുണ്ട്. അധികാരികള്‍ ഇളപൊഴുത് തോട്ടിലേക്കൊന്ന് കണ്ണുവയ്ക്കണമെന്ന് മാത്രം.
ഗ്രാമത്തിലൂടെ ഒഴുകി നാല് കിലോമീറ്റര്‍ പിന്നിട്ട് കരൂര്‍ വൈദ്യശാല ജംഗ്ഷന് സമീപത്തുകൂടി കടന്ന് ളാലം തോട്ടിലേക്കാണ് ഇളപൊഴുത് തോട് കുണുങ്ങിക്കുണുങ്ങി ഇറങ്ങുന്നത്.

വെള്ളപ്പുര - ചക്കാമ്പുഴനിരപ്പ് റോഡിലൂടെ ചെന്നാല്‍ മറ്റപ്പള്ളില്‍ ഭാഗത്തെ പാലത്തില്‍ നിന്ന് തോടിന്റെ മനോഹരദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും.




നിരവധിയാളുകള്‍ ഇവിടെ വീഡിയോ എടുക്കാന്‍ എത്താറുണ്ട്

വര്‍ഷകാലത്ത് ഇളപൊഴുത് തോടിന്റെ മനോഹാരിത കണ്ട് നിരവധിപേര്‍ ഇവിടെ റീല്‍സ് ചിത്രീകരണത്തിനും മറ്റുമായി അടുത്ത കാലത്തായി എത്താറുണ്ടെന്ന് തോടിന്റെ സമീപവാസിയായ മറ്റപ്പള്ളില്‍ (പാറപ്പള്ളില്‍) ബിനുവും ഭാര്യ കടയം ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപികയായ ശ്രീനയും പറഞ്ഞു.





ഇളപൊഴുത് തോടിന്റെ മനോഹാരിത കണക്കിലെടുത്ത് വര്‍ഷകാല വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
- എന്‍. സുരേഷ് (കരൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments