കൊഴുവനാലില്‍ ജോസഫ് ഗ്രൂപ്പ് - കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിയും വധഭീഷണിയും. "ഭാരത് ജോടോ " പോസ്റ്റർ ഒട്ടിക്കാൻ ചെന്ന കോൺഗ്രസ് നേതാവിനെ ജോസഫ് ഗ്രൂപ്പ് നേതാവിൻ്റെ മക്കൾ ചവിട്ടി വീഴ്ത്തി; ഇരുചെവിയറിയാതെ ഒതുക്കിയ വിഷയം ഇന്ന് പോലീസ് കേസ്സുമായി


Yes Vartha Exclusive





തമ്പുരാൻ

ജോസഫ് ഗ്രൂപ്പ് നേതാവിന്റെ മക്കള്‍ കോണ്‍ഗ്രസ് കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി ചൂരയ്ക്കലിനെ ചവിട്ടി വീഴ്ത്തി. ശനിയാഴ്ച രാത്രി നടന്ന സംഭവം ഇരുവിഭാഗം നേതാക്കളും ഇരുചെവിയറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ചവിട്ടേറ്റ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനുണ്ടായ ശാരീരികാസ്വസ്ഥതകള്‍ സംഭവം വെളിച്ചത്താക്കി. 

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് കൊഴുവനാല്‍ ടൗണ്‍ മുന്‍ വാര്‍ഡ് പ്രസിഡന്റിന്റെ മക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ജോര്‍ജ്ജുകുട്ടി ചൂരയ്ക്കലിന്റെ പരാതി. 

ശനിയാഴ്ച രാത്രി 8.30 ഓടെ ഭാരത് ജോഡോയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊഴുവനാല്‍ ടൗണില്‍ എത്തിയതായിരുന്നു ജോര്‍ജ്ജുകുട്ടി ചൂരയ്ക്കലും കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് സിബി പാറക്കുളങ്ങരയും ഉള്‍പ്പെട്ട സംഘം. ഇതിനിടയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു കുട്ടി അവിടെ എത്തുകയും സിബിയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ ജേഷ്ഠസഹോദരന്‍മാരായ രണ്ടുപേരെത്തി ജോര്‍ജ്ജുകുട്ടിയെ വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു എന്നാണ് പരാതി. ചവിട്ടേറ്റെങ്കിലും ജോര്‍ജ്ജുകുട്ടി വീട്ടിലേക്ക് മടങ്ങി. 






എന്നാല്‍ ബൈപാസ് സര്‍ജറി കഴിഞ്ഞ ജോര്‍ജ്ജുകുട്ടിക്ക് രാത്രിയില്‍ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 
അനധികൃത മദ്യവില്പനയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജോര്‍ജ്ജുകുട്ടി സാക്ഷിയായിരുന്നു. ഈ കേസിലെ പ്രതി ബാബുവിന് തന്നോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി ജോര്‍ജ്ജുകുട്ടി പറയുന്നു. ഇന്നലെ രാത്രി എട്ടരയോടെ കൊഴുവനാല്‍ ടൗണില്‍ വച്ച് ബാബു ജോര്‍ജ്ജുകുട്ടിയെ കൊന്ന് കെട്ടിത്തൂക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയതായും പരാതി ഉയര്‍ന്നു. ഇതുസംബന്ധിച്ച് ജോര്‍ജ്ജുകുട്ടി ഇന്ന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 
വൈകിട്ട് 4 മണിയോടെ ബന്ധപ്പെട്ടവരെ പാലാ പോലീസ്, സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൊഴുവനാലില്‍ ഇരുപാര്‍ട്ടിയുടെ നേതാക്കള്‍ തമ്മിലടിച്ചത് യു.ഡിഎഫ് നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.


Post a Comment

0 Comments