വിപിൻ രാജു
വൈദ്യുതി ബിൽ അടയ്ക്കാഞ്ഞതിനെ തുടർന്ന് എരുമേലി കൃഷി ഭവനിലെ വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചു.
എരുമേലി പഞ്ചായത്ത് അധികൃതർ മാസങ്ങളായി കൃഷി ഭവന്റെ വൈദ്യുതി ചാർജ് ബില്ലുകൾ പാസാക്കി തുക അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇക്കഴിഞ്ഞ വർഷം ഒക്ടോബർ 16 നുണ്ടായ പ്രളയത്തിന് ശേഷം വൈദ്യുതി ബിൽ അടയ്ക്കാനുള്ള തുകയും, പ്രളയത്തിൽ നശിച്ച ഉപകരണങ്ങൾക്ക് പകരം വാങ്ങുന്നതിനുള്ള ഫണ്ടും പഞ്ചായത്ത് നൽകുന്നില്ലെന്നാണ് ആക്ഷേപം. കൃഷി ഭവൻ ജീവനക്കാരാണ് വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ടി കഴിഞ്ഞ മാസം വരെ ബിൽ അടച്ചിരുന്നത്.
തുക അടച്ച ശേഷം ബില്ലും വൗച്ചറും പഞ്ചായത്തിന് കൈമാറി തുക വാങ്ങുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് അധികൃതർ തുക നല്കുന്നില്ലെന്ന് കൃഷി ഭവനിലെ ജീവനക്കാർ പറയുന്നു.
ഇത്തവണ 705 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാനുണ്ടായിരുന്നു . മുന്നറിയിപ്പ് നൽകിയിട്ടും തുക അടയ്ക്കാതെ വന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ പ്രളയത്തിൽ കൃഷി ഭവൻ കെട്ടിടം മുങ്ങി കമ്പ്യൂട്ടറുകളും ഉപകരണങ്ങളും ഫർണിച്ചറുകളും നശിച്ചതിന്റെ നഷ്‌ട പരിഹാരവും പഞ്ചായത്ത് അനുവദിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പകരം കമ്പ്യൂട്ടറുകൾ , ലാപ്ടോപ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉൾപ്പടെ ഉപകരണങ്ങൾ അനുവദിച്ചിട്ടുമില്ല. ഇതിനുള്ള ചിലവുകൾ നിലവിൽ ജീവനക്കാർ സ്വയം വഹിക്കുകയാണ്. പല തവണ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ നടപടികളുണ്ടായില്ല എന്നാണ് ആക്ഷേപം.
പഞ്ചായത്ത് നിർദേശിക്കുന്ന കാർഷിക പദ്ധതികൾ മുടങ്ങാതെ നടത്തുന്നുമുണ്ടെന്നിരിക്കെ ഫണ്ട് അനുവദിക്കാതെ വിവേചനം കാട്ടുന്നതിന് പിന്നിൽ പഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണെന്ന് പറയപ്പെടുന്നു. കൃഷി ഭവനോട് കാട്ടുന്ന അവഗണന സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
0 Comments