രശ്മിയുടെ ആശയം ഇനി ആയിരങ്ങള്‍ക്ക് ആശ്രയം... പഞ്ചായത്ത് വകുപ്പില്‍ ആംഗ്യഭാഷയില്‍ പരിശീലനം


സുനില്‍ പാലാ

 
ബധിര-മൂക സമൂഹത്തിന്റെ ആവശ്യം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കിയതിലുള്ള നന്ദി അറിയിക്കാന്‍ ഭരണങ്ങാനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയിലെത്തി. 

ഡെഫ് വിമന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റുകൂടിയായ രശ്മി 2021-ലാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ താനുള്‍പ്പെടുന്ന സമൂഹത്തിന്റെ ആവശ്യം ആദ്യമുന്നയിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള നവകേരള പരിപാടിയില്‍ പങ്കെടുക്കവെ പഞ്ചായത്ത് വകുപ്പില്‍ ആംഗ്യഭാഷയിലുള്ള പരിശീലനം ലഭ്യമാക്കണമെന്നായിരുന്നു രശ്മിയുടെ ആവശ്യം. ഇത് ഒരുമാസത്തിനുള്ളില്‍ തന്നെ നടപ്പാക്കിയതിന്റെ സന്തോഷം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ രശ്മി പ്രകടിപ്പിക്കുകയും ചെയ്തു. 



ഇന്ത്യയിലെ ഭിന്നശേഷി ജീവനക്കാര്‍ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ഈ പഞ്ചായത്ത് ജീവനക്കാരിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും മുമ്പ് ലഭിച്ചിരുന്നു.

ക്ലര്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് സര്‍വ്വീസില്‍ കയറിയ രശ്മി മോഹന്‍ ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിപദം വരെയെത്തി. ബധിര-മൂക ജീവിതത്തിന്റെ വെല്ലുവിളികളെ മറികടന്ന് പാലാ അല്‍ഫോന്‍സാ കോളേജില്‍ നിന്ന്  ചരിത്രത്തില്‍ രണ്ടാം റാങ്കോടെ വിജയിച്ചശേഷമാണ് രശ്മി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരുന്നത്. ചേര്‍പ്പുങ്കല്‍ സ്വദേശിനിയാണ്.


 

സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം ആംഗ്യഭാഷ പരിഭാഷകരെ ഏര്‍പ്പെടുത്തണം

ഇത്തവണയും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മറ്റൊരു നിര്‍ദ്ദേശം രശ്മി മോഹന്‍ മുന്നോട്ടുവച്ചു. സര്‍ക്കാര്‍ പരിപാടികളിലെല്ലാം ആംഗ്യഭാഷ പരിഭാഷകരെ നിയോഗിച്ചാല്‍ തന്റെ സമൂഹത്തിന് അതനുഗ്രഹമാകുമെന്നാണ് മുഖ്യമന്ത്രിയോട് രശ്മി ചൂണ്ടിക്കാട്ടിയത്. പൊതുപരിപാടികളിലെല്ലാം ആംഗ്യഭാഷ പരിഭാഷകരുടെ സേവനം ഉറപ്പുവരുത്തണം. തമിഴ്‌നാട്ടില്‍ നിയമസഭാ നടപടികള്‍പോലും ആംഗ്യഭാഷയില്‍ നിലവില്‍ ലഭ്യമാക്കുന്നുണ്ടെന്നും ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ച് രാഷ്ട്രീയപരമായും ഭരണപരമായും ഉള്ള അറിവ് നേടാന്‍ ഇത് സഹായിക്കുമെന്നും രശ്മി ചൂണ്ടിക്കാട്ടുന്നു. നിയമസഭാ നടപടികള്‍ ഭിന്നശേഷി സൗഹൃദമാകുന്നതോടെ ജനാധിപത്യത്തിലെ ഭിന്നശേഷി സൗഹൃദപരമായ ഉള്‍ച്ചേര്‍ക്കല്‍ സംഭവിക്കുമെന്നും രശ്മി പറയുന്നു.

രശ്മിക്ക് അഭിനന്ദനം

ബധിര-മൂകരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയ ഭരണങ്ങാനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറികൂടിയായ രശ്മി മോഹനെ പഞ്ചായത്ത് അധികാരികള്‍ അനുമോദിച്ചു. രശ്മിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ തൃശ്ശൂര്‍ കിലയില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശില്പശാല നടത്തുകയും കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുകയുമുണ്ടായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments