പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂണ്‍ 18ന്. ക്ലാസുകള്‍ ആരംഭിച്ചതിനു ശേഷവുമുള്ള അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ഒഴിവുകള്‍ നികത്തി ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി അപേക്ഷകള്‍ 14 മുതല്‍ 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് 24നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 10നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 16നും നടക്കും. ആവശ്യത്തിലേറെ സീറ്റുകളുള്ളതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തില്‍ കോട്ടയം ജില്ലയില്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന് അധികൃതര്‍ ഉറപ്പിക്കുന്നു. പ്ലസ് ടുവിന് പുറമേ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐ.ടി.ഐ, പോളിടെക്നിക് എന്നിങ്ങനെ മേഖലകളിലും അവസരമുണ്ട്.
പ്ലസ് വണ്ണിന്, ഏകദേശം 22,500 സീറ്റുകളാണ് ജില്ലയിലുള്ളത്. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ 18,495 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനു യോഗ്യതനേടിയത്. 9302 ആണ്‍കുട്ടികളും 9193 പെണ്‍കുട്ടികളും. ഇവര്‍ക്ക് ജില്ലയിലെ 133 സ്‌കൂളുകളിലായി തുടര്‍പഠനം ഉറപ്പാക്കാനാകും. സര്‍ക്കാര്‍ - 41, എയ്ഡഡ് - 71, അണ്‍എയ്ഡഡ് - 21 എന്നിങ്ങനെയാണ് പ്ലസ് വണ്‍ സൗകര്യങ്ങളുള്ള സ്‌കൂളുകളുടെ എണ്ണം. കൂടാതെ 33 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുമുണ്ട്. ഇത്രയും സീറ്റുകളുണ്ടെങ്കിലും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കു പോലും ഇഷ്ടമുള്ള സ്‌കൂളും ഇഷ്ടമുള്ള വിഭാഗവും ലഭിക്കാന്‍ പ്രയാസമുണ്ടായേക്കാം.
ഉയര്‍ന്ന വിജയ ശതമാനമാണ് കാരണം. 99.81 ശതമാനമായിരുന്നു ജില്ലയിലെ വിജയം, പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയം നേടിയിരുന്നു.
ജില്ലയില്‍ ആകെ 2632 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അതേസമയം, രണ്ടും മൂന്നും അലോട്ട്മെന്റ് കഴിയുന്നതോടെ പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട സ്‌കൂളും വിഭാഗവും ലഭിച്ചേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്.
0 Comments