അബ്ബാസിയയില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവം, ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരണം...

 

അബ്ബാസിയയില്‍ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവം, ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരണം. ഭര്‍ത്താവ് കണ്ണൂര്‍ മാന്ദളം സ്വദേശി സൂരജ് ജോണ്‍ (40 ) ഭാര്യ എര്‍ണാകുളം കീഴില്ലം സ്വദേശിനി ബിന്‍സി തോമസി(38)നെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി എന്നാണ് ഫോറന്‍സിക് അന്വേഷണത്തിലെ നിഗമനം അതിനുശേഷം സൂരജ് സ്വയം കുത്തി മരിക്കുകയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിനെ ആസ്പദമാക്കി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആരെയെങ്കിലും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നോ എന്നറിയാന്‍ പോലീസ് സൂരജിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. 

 അതേസമയം, ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സൂരജും ബിന്‍സിയും വിവാഹിതരായത് എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. സൂരജിന്‍റെ കുടുംബവുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു ബിന്‍സി. നഴ്സിംഗ് പഠനവും കഴിഞ്ഞ് ഡൽഹിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 
 കാമുകനെ തനിക്കൊപ്പം വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ ബിന്‍സി താല്‍പര്യം എടുത്ത് ബി എസ്‌ സി നഴ്സിംഗ് പഠിപ്പിക്കുകയായിരുന്നു. വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റിൽ ഡിഫെൻസിൽ സ്റ്റാഫ് നഴ്സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ്‌ സി നഴ്സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു ബിന്‍സി വിവാഹം കഴിക്കുകയായിരുന്നു.  


എന്നാല്‍ സൂരജ് സംശയ രോഗത്തിന് അടിമയായിരുന്നെന്നാണ് സുഹൃത്തുക്കളും അയല്‍ക്കാരും പറയുന്നത്. ദേഷ്യം വന്നാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ലാത്ത വിധം ക്ഷിപ്രകോപിയുമായിരുന്നു ഇയാളെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിനിടെയില്‍ അഞ്ചാമത്തെ പ്രാവശ്യം പരീക്ഷ എഴുതി പാസ്സായാണ് ബിന്‍സി ഓസ്‌ട്രേലിയയ്ക്ക് പോകാൻ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിന്റെ മുന്നോടിയായി തങ്ങളുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും നാട്ടിൽ വിട്ടു. തയ്യാറെടുപ്പുകൾ തുടങ്ങി. പക്ഷേ സംശയ രോഗിയായ സൂരജ് അപ്പോഴേക്കും ബിന്‍സിയെ വകവരുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും രണ്ട് ദിവസം മുന്നേ അവളുടെ കൂട്ടുകാരികളോട് ഫോണിൽ വിളിച്ചു "അവളെ ഞാൻ കൊല്ലും" എന്നു പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സൂരജ് ആ വാക്ക് പാലിച്ചു. പാലൂട്ടി വളർത്തിയ കൈകളിൽ തന്നെ കടിച്ചു കൊന്നു എന്നാണ് ഇരുവരുടെയും കൂട്ടുകാര്‍ പറയുന്നത്. 


രണ്ട് കുഞ്ഞുങ്ങളെയും അനാഥരാക്കിയാണ് സൂരജിന്‍റെ ക്രൂരത അരങ്ങേറിയത്. ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോഴാണ് രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കിയത്. നാല് ദിവസം മുമ്പ് മടങ്ങിയത് ഓസ്‌ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കിയായിരുന്നു. എന്നും പരസ്പരം വഴക്കിട്ട ദമ്പതികള്‍ അവസാനം മരണത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും കുവൈറ്റിലെ വിവിധ സാംസ്കാരിക സംഘടനകളില്‍ വളരെ സജീവ സാന്നിധ്യമായിരുന്നു. സൂരജ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലും ബിന്‍സി ഡിഫന്‍സിലും സ്റ്റാഫ് നഴ്സുമാരായിരുന്നു 
 കുവൈറ്റില്‍ ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഉള്ളതായിരുന്നു ഇവരുടെ കുടുംബം. ആ അവസ്ഥയിലേയ്ക്ക് കുടുംബം എത്തിയത് ബിന്‍സിയുടെ പ്രയത്നഫലമായിട്ടുമായിരുന്നു. പക്ഷേ സൂരജിന്‍റെ ഒരൊറ്റ ദിവസത്തെ അക്ഷമയും വിവേകമില്ലായ്മയും കാരണം അതെല്ലാം അസ്തമിച്ചു, സ്വന്തം മക്കളെ അനാഥരാക്കി ആ കുടുംബവും. വ്യാഴാഴ്ച സംഭവശേഷം ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ ദമ്പതികള്‍ പരസ്പരം കുത്തേറ്റ് മരിച്ചു എന്നായിരുന്നു. ആദ്യം അകത്തുകയറിയ പോലീസും സഹായികളും അവിടെകണ്ട ചില സാഹചര്യങ്ങള്‍ കണ്ട് പ്രാഥമികമായി നല്കിയ സൂചനകളെ അടിസ്ഥാനമാക്കിയാണ് അത്തരം ഒരു നിഗമനം പ്രചരിക്കപ്പെട്ടത്. ദേശീയ മാധ്യമങ്ങള്‍ അടക്കം ആ നിലയ്ക്കാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ മിനിറ്റുകള്‍ക്കുളില്‍ ആ വാര്‍ത്ത തിരുത്തപ്പെടുകയും ചെയ്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments