ജൈവ വൈവിധ്യ ദിനത്തിൽ പ്രകൃതിക്ക് സമ്മാനമായി കോട്ടയം നിയമ സഹായ കേന്ദ്രത്തിൻ്റെ ശലഭോദ്യാനം ജില്ലാ സെഷൻസ് ജഡ്ജ് എം മനോജ് ഉദ്ഘാടനം ചെയ്തു. പാഴ്ചെടികൾ നിറഞ്ഞ് കുഴിയായി ഉപയോഗശൂന്യമായി കിടന്ന കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ പിൻവശത്തെ മുറ്റം, ശലഭോദ്യാനമാക്കി പ്രകൃതിക്ക് സമ്മാനമായി സമർപ്പിക്കുകയായിരുന്നു. കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ജി. പ്രവീൺ കുമാർ നേതൃത്വം വഹിച്ചാണ് നിയമ കേന്ദ്ര ശലഭോദ്യാനം തയ്യാറാക്കിയത്. പലതരം ശലഭങ്ങളുടെ ആതിഥേയ പുഷ്പങ്ങൾ ( Host Plant) വളർത്തിയാണ് ശലഭങ്ങളെ ആകർഷിക്കുന്നത്.
ആധുനിക ജീവിത രീതികളിൽ ഞെരുങ്ങി പഴയകാല പ്രകൃതി നശിച്ച് പോകുന്നതിനെതിരെ എന്നും പരിസ്ഥിതിദിനമെന്ന സന്ദേശം പകരുന്നതാണ് ശലഭോദ്യാനമെന്ന് ഉദ്യാനം ഉദ്ഘാടനം ചെയ്ത ജില്ലാ ജഡ്ജ് എം മനോജ് പറഞ്ഞു. ഓരോ ദിവസവും പരിസ്ഥിതിയെ അനുസ്മരിക്കാനും ചെടികൾ പരിപാലിക്കാനും ഉതകുന്ന ചിന്തയുടെ ഭാഗമാണ് ശലഭോദ്യാനമെന്ന് ഡിസ്ട്രിക്ട് ലീഗൽ സർവീസ് സെക്രട്ടറി ജി. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കിംസ് ആശുപത്രിയുടെ സോഷ്യൽ റിലീഫ് ഫണ്ട് ഉപയോഗിച്ചാണ് ശലഭോദ്യാനത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ഡപ്യൂട്ടി കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ എസ് വിനോദ് കുമാർ മോനിപ്പള്ളി, സെക്രട്ടറി അഡ്വ. ഷെബിൻ സിറിയക്, സാമൂഹിക വനവൽക്കരണ വിഭാഗം ഓഫീസർ സുഭാഷ് കെ ബി, കിംസ് ഡയറക്ടർ ഡോ. രശ്മി ആയിഷ, ക്യാപ്റ്റൻ അജിത നായർ, ചീഫ് ഓഫീസർ, കിംസ് ഹെൽത്ത് കോട്ടയം, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. പുന്നൻ കുര്യൻ, അരുൺ ക്യഷ്ണൻ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
0 Comments