യാത്രക്കാർക്ക് ആശ്വാസമായി വന്ദേഭാരതിന്‍റെ കോച്ചുകളുടെ എണ്ണം കൂട്ടി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്‍റെ എട്ടു കോച്ചുകളാണ് 16 ആയി ഉയർത്തിയത്. ഇതോടെ ടിക്കറ്റ് ക്ഷാമത്തിനടക്കം പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ ആലപ്പുഴ റൂട്ടിലെ വന്ദേഭാരത് യാത്രക്കാരുടെ സ്ഥിരം പരാതിയായിരുന്നു ട്രെയ്നിൽ സീറ്റില്ല എന്നത്. സീറ്റിനായി നോക്കുമ്പോഴെല്ലാം കാണുന്നത് വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും.
ആ പരാതിയ്ക്ക് പരിഹാരം എന്ന നിലയിലാണ് പതിനാറ് കോച്ചുമായി തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. 530 അധിക സീറ്റുകള്‍. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1128 ആയി. എക്സിക്യൂട്ടീവ് ചെയര്‍ കാറുകളുടെ എണ്ണം രണ്ടായി. നാഗർകോവിൽ– ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചതാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് ഗുണം ചെയ്തത്.
അവിടെ നിന്നു പിൻവലിച്ച 16 കോച്ച് ട്രെയിനാണ് പാലക്കാട് ഡിവിഷനു ലഭിച്ചത്. അടുത്തിടെ, കോട്ടയം വഴിയുള്ള തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി കൂട്ടിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എണ്ണം ഇരട്ടിയായിട്ടും സീറ്റുകള്‍ നിറഞ്ഞായിരുന്നു ആദ്യ യാത്ര. ഈയാഴ്ചത്തെ സര്‍വീസുകളിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 100 ന് മുകളിലാണ്.
0 Comments