പൊരിവെയിലത്തും വാടില്ല, നിത്യഹരിതമായി പ്രകൃതിക്ക് കുടചൂടി നില്‍ക്കുന്ന മക്കഡേമിയ നട്ടുവളര്‍ത്തി കൈ നിറയെ പണം കൊയ്യാന്‍ തയാറെടുക്കുകയാണ് റിട്ട. ആര്‍മി സുബേദാറായ ചാക്കോ പൈലി കൊച്ചുപുത്തന്‍പുരയില്‍.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഡ്രൈ ഫ്രൂട്ടാണ് മക്കഡേമിയ നട്‌സ്. തൊടുപുഴയ്ക്കു സമീപം വഴിത്തല – കോലടി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്താം. കിലോയ്ക്ക് 3500 രൂപയാണ് പരിപ്പിന്റെ വില. ഓസ്‌ട്രേലിയയാണ് മക്കഡേമിയ നട്‌സിന്റെ ജന്‍മദേശമെങ്കിലും ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, മെക്‌സിക്കോ, കെനിയ എന്നിവിടങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ആഗോള വിപണിയില്‍ കിംഗ് നട്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. മക്കഡേമിയ ഇന്ത്യയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ജമ്മു കാഷ്മീര്‍, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത് കൃഷിചെയ്യുന്നത്.
ചാക്കോ കൊച്ചുപുത്തന്‍പുരയില്‍ മക്കഡേമിയ കൃഷി ചെയ്യാന്‍ തുടങ്ങിയത് 2024 ഡിസംബറിലാണ്. 60 തൈകളാണ് നിലവിലുള്ളത്. ഒരേക്കറില്‍ 250 തൈകള്‍ കൂടി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആദ്യം തൃശൂരില്‍ നിന്നും പിന്നീട് കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ള കര്‍ഷകരില്‍ നിന്നുമാണ് ഗ്രാഫ്റ്റ് ചെയ്ത തൈകളും സീഡ്ലിംഗ് തൈകളും വാങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈക്ക് 3850 രൂപ, സീഡ്ലിംഗിന് 850 രൂപ എന്നിങ്ങനെയായിരുന്നു വില.
കൃഷിരീതി
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണിത്. 45 ഡിഗ്രി ചൂടില്‍വരെ ഇതു വളരും. 12 അടി അകലത്തിലാണ് തൈകള്‍ നടുന്നത് . തായ്വേരില്ലാത്ത മരമാണിത്. തലമുടിനാരു പോലുള്ള വേരാണുള്ളത്. കാപ്പിയുടെ വേരുപോലെ പടര്‍ന്നു കിടക്കും. തൈക്ക് ആഴ്ചയില്‍ രണ്ടു നന മതി. രോഗബാധ ഒട്ടുമില്ല. കട്ടിയുള്ള ഇലയാണ് ഇതിനുള്ളത്. സര്‍വസുഗന്ധിയുടെ ഇലയേക്കാള്‍ കനമുണ്ട്. രാസവളം അല്‍പംപോലും ആവശ്യമില്ല.ചാണകപ്പൊടി ഇട്ടുകൊടുത്താല്‍ മതി. കടലപ്പിണ്ണാക്കും എല്ലുപൊടിയും നല്‍കുന്നതു നല്ലതാണ്. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പൂവിടും.
വിളവെടുപ്പ്
ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ രണ്ടാം വര്‍ഷം മുതല്‍ കായ്ഫലം നല്‍കും. ഇതിന് 30 വര്‍ഷത്തോളമാണ് ആയുസ്. എന്നാല്‍ സീഡിലിംഗ് തൈ ഏഴാം വര്‍ഷമാണ് കായ്ഫലം നല്‍കുന്നത്. ഇതിന്റെ ആയുസ് 130 വര്‍ഷമാണ്. മക്കഡേമിയയുടെ പച്ചത്തൊണ്ടില്‍ വിള്ളല്‍ ഉണ്ടാകുന്‌പോഴാണ് കായ് മൂപ്പെത്തുന്നത്. ആദ്യം പച്ചത്തൊണ്ട് പൊട്ടിക്കണം. ഇതിനുള്ളില്‍ ചിരട്ട പോലെയുള്ള തോടുണ്ട്. ഇത് പ്രത്യേക മെഷീന്‍ ഉപയോഗിച്ച് നീക്കം ചെയ്താല്‍ ഉള്ളിലുള്ള പരിപ്പ് പുറത്തെടുക്കാം. പോഷകസമൃദ്ധം. പോഷകസമൃദ്ധമായ വിളയാണ് മക്കഡേമിയ നട്‌സ്. വൈറ്റമിന്‍ ബി 2, ബി 3, ബി 6, ബി 9, എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലേനീയം, ഫോസ്ഫറസ് എന്നീ ധാതുക്കളും, ഒമേഗ ഫാറ്റ്, നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ ശുദ്ധീകരണത്തിനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനും ഇത് നല്ലതാണ്. പ്രമേഹം തടയാനും ഉത്തമം. മികച്ച ആന്റിഓക്‌സിഡന്റാണ്. പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കേക്ക്, ബിസ്‌ക്കറ്റ്, വിവിധ ഷേക്കുകള്‍, ജ്യൂസ്, ഐസ്‌ക്രീം എന്നിവയിലും ചേര്‍ക്കാം. ഹെയര്‍ ഓയിലിനും ഉപയോഗിക്കാം.മികച്ച സൗന്ദര്യവര്‍ധക വസ്തുവാണ്.
മറ്റുവിളകള്‍
അറുനൂറോളം കുരുമുളക് ചെടികള്‍, ഡ്രാഗണ്‍ ഫ്രൂട്ട്, തെങ്ങ്, പ്ലാവ്, പേര, പപ്പായ, സുഗന്ധവ്യഞ്ജന ചെടിയായ ഊദ് എന്നിവയ്ക്കു പുറമെ പാവല്‍, കോവല്‍, മത്തന്‍, കുന്പളം തുടങ്ങിയ പച്ചക്കറി ഇനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. നൂറോളം ഗൗരാമി ഇനം മത്സ്യത്തെ വളര്‍ത്തുന്ന കുളവുമുണ്ട്. തോട്ടത്തില്‍ വളരുന്ന പുല്ല്, കളകള്‍, മറ്റു ചെടികള്‍ എന്നിവയൊന്നും പിഴുതുകളയാറില്ല. ഇവയെല്ലാം അഴുകി ചേര്‍ന്ന് മണ്ണില്‍ വളമായി തീരുകയാണ്.
ഭാര്യ: റോസമ്മ. മക്കള്‍: ജൂലിയറ്റ് (കാനഡ), ഐബിമോള്‍ (ദുബായ്).
0 Comments